കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വാക്‌സിന്‍ കയറ്റുമതി വെട്ടിക്കുറച്ച് ഇന്ത്യ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വാക്‌സിന്‍ കയറ്റുമതി വെട്ടിക്കുറച്ച് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ പ്രതിരോധ വാക്‌സിനായ ആസ്ട്രസെനകയുടെ കയറ്റുമതി താല്‍കാലികമായി വെട്ടിക്കുറച്ചു. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് വാക്‌സിന്‍ നല്‍കിയിരുന്നു. 190 രാജ്യങ്ങള്‍ക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്‌സിന്‍ നല്‍കുന്നുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലും ഏപ്രില്‍ 1 മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനുകള്‍ വിതരണം ചെയ്യേണ്ടി വരുമെന്നതിനാലുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം തീവ്രമാകുന്നതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വാക്‌സിന്‍ വിതരണം വൈകുകയാണെന്ന്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള കൂട്ടായ്മയായ ഗ്ലോബല്‍ വാക്‌സിന്‍ അലയന്‍സ് (ഗാവി) പറയുന്നു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് (എസ്‌ഐഐ) ഇതുവരെ 28 ദശലക്ഷം കോവിഷീല്‍ഡ് ഡോസുകള്‍ ലഭിച്ചപ്പോള്‍, മാര്‍ച്ചില്‍ ലഭിക്കേണ്ട 40 ദശലക്ഷം, ഏപ്രിലില്‍ ലഭിക്കേണ്ട 50 ദശലക്ഷം ഡോസുകള്‍ സംബന്ധിച്ച് വ്യക്തതയില്ലെന്നും കേന്ദ്രസര്‍ക്കാരുമായും എസ്‌ഐഐയുമായും ചര്‍ച്ച തുടരുകയാണെന്നും ഗാവി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ലഭിക്കാന്‍ യുകെ, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കാലതാമസം നേരിടുമെന്നാണ് കരുതുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.