ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗ്: ബംഗാളില്‍ 79.79 %, അസമില്‍ 75.04 %

 ഒന്നാം ഘട്ടത്തില്‍  മികച്ച പോളിംഗ്:  ബംഗാളില്‍ 79.79 %, അസമില്‍ 75.04 %

ന്യൂഡല്‍ഹി: ആദ്യഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളിലും അസമിലും മികച്ച പോളിംഗ്. രാത്രി 10.30ന് കണക്ക് ലഭിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ 79.79 ശതമാനവും അസമില്‍ 75.04 ശതമാനവും രേഖപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ ഉച്ചയോടെ തന്നെ അമ്പതു ശതമാനത്തിലധികം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തി. തുടക്കം മുതല്‍ വോട്ടര്‍മാരുടെ ആവേശം പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായിരുന്നു. സ്ത്രീകളുടെ നല്ല സാന്നിധ്യം മിക്കയിടങ്ങളിലും ദൃശ്യമായിരുന്നു.

വോട്ടെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം നടന്നു. അക്രമങ്ങളില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം എന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

നന്ദീഗ്രാമിലെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ സഹോദരന്‍ ഷോബേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിനെതിരെ ആക്രമണം നടന്നു. തൃണമൂല്‍ അക്രമം നടത്തിയെന്ന് ബിജെപി ആരോപിച്ചു. സാല്‍ബനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുശാന്ത ഘോഷിന് നേരെ ആക്രമണം നടന്നു. സാത്ഷാതിനില്‍ ഉണ്ടായ വെടിവെപ്പിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

കാത്തി മേഖലയില്‍ ആദ്യം പറഞ്ഞ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് എന്ന് ആരോപിച്ച് തൃണമൂല്‍ പരാതി നല്‍കി.

ധാക്കയില്‍ പ്രധാനമന്ത്രി ക്ഷേത്രങ്ങളില്‍ നടത്തിയ പൂജ ആദ്യഘട്ടത്തില്‍ ബംഗാളില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയും പരസ്പരം ഏറ്റുമുട്ടുന്ന സ്റ്റാര്‍ മണ്ഡലമായ നന്ദിഗ്രാമില്‍ അടുത്ത ഘട്ടത്തിലാണ് വോട്ടെടുപ്പ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.