കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ വലിയ വെല്ലുവിളികളും ദൗത്യങ്ങളും ഏറ്റെടുക്കേണ്ടവരാണ് ഓസ്ട്രേലിയയിലെ ഓരോ കുടുംബങ്ങളും അതിലെ മുതിര്‍ന്നവരുമെന്ന് ബിഷപ് ബോസ്‌കോ പുത്തൂര്‍. തികച്ചും വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നമ്മുടെ കുട്ടികള്‍ ഓസ്ട്രേലിയയില്‍ വളരുന്നത്. രൂപത്തിലും നിറത്തിലും മാത്രമാണ് ഇവര്‍ ഇന്ത്യാക്കാരായിട്ടുളളത്. ഉളളിന്റെയുളളില്‍ ഈ കുട്ടികള്‍ ഓസ്ട്രേലിയക്കാരാണ്. അതുതന്നെയാണ് മാതാപിതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അവരെ കേള്‍ക്കാനും സുഹൃത്തുക്കളായി അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സിറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയന്‍ രൂപത നിലവില്‍ വന്നതിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബിഷപ് ബോസ്‌കോ പുത്തൂര്‍ ദൈവവിശ്വാസത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്.
ക്രൈസ്തവ പാരമ്പര്യത്തിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ് ഇവിടെയുളള മാതാപിതാക്കള്‍. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളര്‍ന്നവരാണ്. അതേസമയം അവരുടെ മക്കള്‍ അങ്ങനെയല്ല. മതബോധനത്തിന്റെ തണല്‍ പൊതുവില്‍ ഇവിടെയുളള കുട്ടികള്‍ക്കില്ല. കുട്ടികള്‍ മാത്രമല്ല യുവ സമൂഹവും അങ്ങനെയാണ്. ഓസ്ട്രേലിയയിലെ സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും അവര്‍ക്ക് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. ഇതുണ്ടാക്കുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളും വലുതാണ്. കുട്ടികളെ വളര്‍ത്തുന്നത് ഇത്തരം സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ്. അതുകൊണ്ടുതന്നെ ഈ കുട്ടികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മാതാപിതാക്കളുടെ മനസില്‍ ഉണ്ടാകണം. കുട്ടികളെ കേള്‍ക്കാന്‍ തയാറാകണം. അവരുടെ പ്രശ്നങ്ങളെ മനസിലാക്കണം. സുഹൃത്തുക്കളായി അവര്‍ക്കൊപ്പംനിന്ന് എല്ലാവിധ പിന്തുണയും നല്‍കണം. ഈ പരിവര്‍ത്തന ഘട്ടത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്ന് പുറത്തുകടക്കാനുളള സകല പിന്തുണയും ധൈര്യവും മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.
ഓസ്ട്രേലിയന്‍ രൂപത ഏഴുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ തന്നെയാണ് ഈ വിദേശ മണ്ണിലെ അനുഭവങ്ങള്‍ പങ്കിടുന്നതിന് നമ്മോടൊപ്പം ചേരുന്നത്. രൂപതയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രതിനിധി ആന്‍ കട്ടിക്കാരന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍നിന്ന്:
? ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഏഴു വര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഈ മണ്ണില്‍ ചുമതലയേറ്റെടുത്തശേഷമുള്ള ആ അനുഭവങ്ങളിലേക്ക്, മാറ്റങ്ങളിലേക്ക് എങ്ങനെ തിരിഞ്ഞുനോക്കുന്നു
OOO വലിയൊരനുഭവമായിരുന്നു ഈ പരിവര്‍ത്തനം. കൂരിയ ബിഷപ്പായിരിക്കുമ്പോഴാണ് ഓസ്ട്രേലിയയിലേക്കുളള നിയമനം. നേരത്തെയുള്ള ചുമതലകള്‍ തികച്ചും വ്യത്യസ്തമായിരുന്നു. പ്രഥമ ഓസ്ട്രേലിയന്‍ ബിഷപ്പായി ദൈവവിളിയെത്തിയപ്പോള്‍ എന്റെ മനസിലേക്കു വന്ന ഒരു ചിത്രമുണ്ട്. ഈശോയുടെ ജറുസലേം പ്രവേശനം. നഗരപ്രദിക്ഷണത്തിനായി ഒരു കഴുതയെ കൊണ്ടുവരാനാണ് തന്റെ രണ്ട് ശിഷ്യന്‍മാരെ വിളിച്ച് ഈശോ അന്ന് ആവശ്യപ്പെട്ടത്. ക്രിസ്തുവിനായി ജനിച്ച കഴുതയാണ് താനെന്നാണ് എനിക്ക് തോന്നിയത്. ഈശോയുടെ പ്രബോധനങ്ങള്‍, സന്ദേശങ്ങള്‍ ഈ ഓസ്ട്രേലിയന്‍ മണ്ണില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍. ഇവിടുത്തെ വിശ്വാസികളെ ആ തണലില്‍ നടത്തുകയാണ് എന്റെ ദൗത്യമെന്ന് അന്നേതന്നെ തിരിച്ചറിഞ്ഞു. ദൈവരാജ്യം സൃഷ്ടിക്കാനായി നിയോഗിക്കപ്പെട്ട ക്രിസ്തുശിഷ്യനായ ദൈവദാസനാണെന്നും ബോധ്യമുണ്ടായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, ഉറപ്പിച്ചുപറയാം നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഈശോയെ കൂട്ടുപിടിച്ച് അത് സധൈര്യം ഏറ്റെടുത്തു. തക്ക പ്രതിഫലവും ഈശോ തന്നു. ഉറപ്പായും പറയാം ഏറെ ആസ്വാദ്യകരമായിരുന്നു ഈ വര്‍ഷങ്ങള്‍. ദൈവാനുഗ്രഹം കൊണ്ട് സഭയെയും വിശ്വാസത്തെയും വളര്‍ത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട്.
? മനോഹരമായ മറുപടിയാണ് ബിഷപ്പ് അങ്ങയുടേത്. ഒരു സംശയം ചോദിച്ചോട്ടെ. ഒരു പക്ഷേ പലരും മുമ്പും ചോദിച്ചിട്ടുണ്ടാകാം. ഇവിടെ ഒരു രൂപത സ്ഥാപിക്കുന്നതിലൂടെ സഭ എന്താകാം ഉദ്ദേശിച്ചത്.
OOO വളരെ രസകരമായ ചോദ്യമാണിത്. പലരും മുന്‍പു ചോദിച്ചിട്ടുണ്ട്. സഭ അമ്മയാണ്. ഒരമ്മ എപ്പോഴും തന്റെ മക്കളെ പരിപാലിക്കുന്നു, സംരക്ഷിക്കുന്നു. അതുപോലെ തന്നെയാണ് സഭയും. സഭയുടെ അനേകം മക്കള്‍ നമ്മുടെ നാട്ടില്‍നിന്ന് ഓസ്ട്രേലിയന്‍ മണ്ണിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഏതൊരമ്മയ്ക്കും തോന്നുന്നതേ സഭയ്ക്കും തോന്നിയുളളു. തന്റെ മക്കള്‍ക്കൊപ്പം തണലായി ഉണ്ടാകണം. അവരുടെ യാത്രയില്‍, വിശ്വാസ വഴിയില്‍ ഒരു തിരിനാളമായി എപ്പോഴുമുണ്ടാകണം. ക്രിസ്തീയ വിശ്വാസധാരയിലും സഭാ പാരമ്പര്യത്തിലും തന്റെ മക്കള്‍ വളരുന്നുവെന്ന് ഉറപ്പാക്കണം. സഭയാകുന്ന അമ്മയുടെ കടമയാണത്. അതാണ് ഈ കുടിയേറ്റ മണ്ണിലും സിറോ മലബാര്‍ സഭാ മക്കള്‍ക്കായി നിര്‍വഹിക്കപ്പെടുന്നത്.
? തികച്ചും ശരിയാണ് അങ്ങയുടെ മറുപടി. മറ്റൊന്നുകൂടി അങ്ങയില്‍നിന്ന് അറിയാനുണ്ട്. നമ്മുടെ രൂപത കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്
OOO ഇടവകകള്‍ സ്ഥാപിക്കുന്നതിനായിരുന്നു ഏറ്റവുമധികം പ്രാധാന്യം നല്‍കിയത്. സിറോ മലബാര്‍ സഭാ വിശ്വാസികളെ ഒരുമിപ്പിക്കുക. വിശുദ്ധ കുര്‍ബാന അനുഭവിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുക. സഭാപരമായ മറ്റു ചടങ്ങുകള്‍ക്ക് അവസരമൊരുക്കുക. വിശ്വാസ രൂപവല്‍കരണത്തിനായിരുന്നു രണ്ടാമത് മുന്‍തൂക്കം നല്‍കിയത്. പ്രത്യേകിച്ച് യുവാക്കളിലും കുട്ടികളിലും. അവരില്‍ വിശ്വാസ ധാര രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക. കുടുംബങ്ങളില്‍ ക്രിസ്തീയത ശക്തിപ്പെടുത്തുന്നതിനും പ്രാമുഖ്യം നല്‍കി. ഇതിനെല്ലാമായി ഓരോ ഇടവകകളിലെയും വിശ്വാസികളെ കുടുംബ ഗ്രൂപ്പുകളാക്കി തിരിച്ചു. ഇവിടെയുളളവര്‍ സ്വയം ഓരോരോ തുരുത്തുകളായി മാറ്റപ്പെടരുതെന്ന ചിന്ത കൂടിയുണ്ടായിരുന്നു. ഓരോരുത്തരും ഈ ക്രൈസ്തവ കൂട്ടായ്മയിലേക്ക് മറവുകളില്ലാത്ത മനസുമായി വേണം വരാന്‍. നാം തന്നെ ജീവിതസാക്ഷ്യങ്ങളാകണം. അങ്ങനെ ക്രിസ്തീയ വിശ്വാസത്തിലും സഭാ നിയമങ്ങളിലൂന്നിയും ഇവിടുത്തെ സിറോ മലബാര്‍ വിശ്വാസികളെ നയിക്കാനാണ് ശ്രമിച്ചത്.
സിറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയയിലെ രൂപത നിലവില്‍ വന്നതും ബിഷപ്പായി വന്ദ്യ ബോസ്‌കോ പുത്തൂര്‍ സ്ഥാനമേറ്റതും 2014 മാര്‍ച്ച് 25നാണ്. തലേവര്‍ഷം ഡിസംബര്‍ 23ന്, ക്രിസ്തുമസിന് രണ്ടു നാള്‍ മുന്‍പാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ സിറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയന്‍ രൂപത സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. സഭയുടെ വിദേശമണ്ണിലെ രണ്ടാമത്തെ രൂപത. ക്രൈസ്തവ വിശ്വാസികളെന്ന നിലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്. 13 ഇടവകകളും 37 മിഷന്‍സും രൂപതക്ക് കീഴില്‍ സ്ഥാപിതമായിക്കഴിഞ്ഞു. ഇവിടുത്തെ സഭാ വിശ്വാസികളെ ഭക്തിയുടെയും ദൈവവിശ്വാസത്തിന്റെയും തണലിലൂടെ അന്നുമുതല്‍ ഇന്നേവരെ നയിക്കുന്ന വലിയ ഇടയനാണ് ബിഷപ് ബോസ്‌കോ പുത്തൂര്‍.
? ഇവിടുത്തെ മുതിര്‍ന്ന ആളുകളോടും മാതാപിതാക്കളോടും അങ്ങേയ്ക്ക് നല്‍കാനുളള ഉപദേശമെന്താണ്
OOO സാമ്പത്തികമായ കാരണങ്ങളാല്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഇവിടയുളള കുടുംബങ്ങള്‍. അതുകൊണ്ടുതന്നെ പണം മാത്രമല്ല സന്തോഷത്തിന്റെ അളവുകോലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. ഒരു പഴഞ്ചൊല്ലുണ്ട് “Money is a very useful servent, but a cruel master.” ഇവിടെയുളള മാതാപിതാക്കള്‍ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണത്. നമ്മുടെ കുടുംബം സന്തോഷമായിരിക്കുക എന്തിനേക്കാളും പ്രധാനം. ക്രിസ്തുവിന് കീഴില്‍ ഒരു വിശ്വാസസമൂഹമായി നിലകൊള്ളാനും കഴിയണം. പ്രാര്‍ഥനയുടെ പ്രാധാന്യമറിഞ്ഞ് ജീവിക്കുക, ദൈവത്തിന്റെ വചനങ്ങള്‍ വായിക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക, ദൈവസാക്ഷ്യങ്ങള്‍ കുടുംബത്തിലും പുറത്തും പറയാന്‍ കഴിയുന്നവരായി പ്രാര്‍ഥനയില്‍ വളരുക. മാതാപിതാക്കള്‍ ഒരിക്കലും കുട്ടികളെ ചട്ടം പഠിപ്പിക്കുന്നവരാകരുത്. ക്രൈസ്തവ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുന്ന ജീവിത സാക്ഷ്യങ്ങളായി മാറണം.
? അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്. പ്രത്യേകിച്ചും ഞങ്ങളെപ്പോലുളള യുവ സമൂഹത്തിന്. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമായിട്ടാണ് അങ്ങയെ പരിചയപ്പെടാനുളള ഭാഗ്യം എനിക്കുണ്ടായത്. 2018 മേയിലായിരുന്നു എന്നാണ് ഓര്‍മ. പിന്നീടുളള കാലം ഞങ്ങളെ മനസിലാക്കുന്ന ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇടയനെയാണ് അങ്ങയില്‍നിന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അതൊരു വലിയ അനുഗ്രഹമായിത്തന്നെ കരുതുന്നു. സിറോ മലബാര്‍ സഭാംഗം എന്ന നിലയില്‍ എന്നെത്തന്നെ സ്വയം തിരിച്ചറിയാന്‍ വഴിയൊരുക്കിയതും അങ്ങ് തന്നെയാണ്. അടുത്ത ചോദ്യം ഇവിടുത്തെ യുവജനങ്ങള്‍ക്കുവേണ്ടിയാണ്. സിറോ മലബാര്‍ സഭയുടെ പ്രാധാന്യത്തെക്കുറിച്ച്, അത്തരമൊരു ജീവിത രീതിയെപ്പറ്റി അവരോടെങ്ങനെ വിശദീകരിക്കും
OOO ഒരു അമേരിക്കന്‍ നോവല്‍ വായിച്ചതാണ് ഇപ്പോള്‍ ഓര്‍മയിലേക്കു വരുന്നത്. അലക്സസ് ഹേലി എഴുതിയ ദി റൂട്സ് എന്ന പുസ്തകം. കറുത്തവര്‍ഗക്കാരനായ, അടിമയായ, ആഫ്രിക്കന്‍ യുവാവ് വനാന്തരങ്ങളിലെവിടെയോ ഉദയം കൊണ്ട തന്റെ പാരമ്പര്യം അന്വേഷിച്ചുപോകുന്നതാണ് കഥയുടെ കാതല്‍. പ്രിയ സുഹൃത്തുക്കളോട് എനിക്ക് ഒന്നേ പറയാനുളളു, സമ്മുടെ അസ്തിത്വത്തെപ്പറ്റി നമുക്ക് തന്നെ ബോധ്യമുണ്ടാകണം. നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകണം. വേരുകളില്ലാത്ത മരത്തില്‍ ഒരിക്കലും ഫലമുണ്ടാകില്ല. നമ്മുടെ വേരുകളെ നാം തന്നെ തിരിച്ചറിയണം. കണ്ടെത്തണം.
അതായത് ഒരാളുടെ ഐഡന്റിറ്റിയും അയാളുടെ സമൂഹത്തിലെ പ്രസ്‌ക്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. പ്രത്യേകിച്ചും ഈ ഓസ്ട്രേലിയന്‍ സമൂഹത്തില്‍ ഞാനത് പ്രത്യേകം പറയേണ്ടതില്ലല്ലോ. താനാരാണ് എന്നത് സംബന്ധിച്ച് വ്യക്തമായ ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണം. താന്‍ എവിടെനിന്നാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം. തന്റെ പാരമ്പര്യമെന്താണ് എന്നത് സംബന്ധിച്ച് അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും സിറോ മലബാര്‍ സഭാ വിശ്വാസിയെന്ന നിലയ്ക്ക് നമ്മുടെ പാരമ്പര്യമെന്താണ്? ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യത്തില്‍ വളര്‍ന്നുവന്നവരാണ് നാം.
പൗരസ്ത്യ ആരാധനാ ക്രമത്തിലും ഇന്ത്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തിലും എല്ലാത്തിനും മുകളിലായി ആഗോള കത്തോലിക്കാ വിശ്വാസത്തിലും അധിഷ്ടിതമാണത്. മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളും ചിന്താധാരകളുമാണ് ഏതൊരു സിറോ മലബാര്‍ വിശ്വാസിയുടെയും സ്വത്വം എന്നത്. ഈ മൂന്ന് വ്യത്യസ്ത പാരമ്പര്യധാരകളില്‍ അധിഷ്ടിതമായി വളര്‍ന്നാല്‍ മാത്രമേ ഈ ഓസ്ട്രേലിയന്‍ സമൂഹത്തില്‍ പ്രസ്‌ക്തയുളള ഒരാളായി നിലനില്‍ക്കാന്‍ കഴിയൂ. നമ്മുടെ സമ്പന്നമായ പാരമ്പര്യത്തില്‍നിന്ന് ഈ സമൂഹത്തിന് വലിയ സംഭവനകള്‍ നല്‍കാന്‍ കഴിയണം.
ഇവിടുത്തെ നമ്മുടെ നിലനില്‍പ്പിന്റെ തന്നെ വലിയ തെളിവുകളായി കാലക്രമത്തില്‍ അത് അടയാളപ്പെടുത്തിയേക്കാം. സാമ്പത്തികാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല നാം ഈ ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ നിലകൊളളുന്നത്. ഇവിടേക്ക് നമ്മെ എത്തിച്ചത് ഈശോയാണ്.ആ ദൈവവിളിയെ തിരിച്ചറിയുന്നതിനാകണം സമ്പത്തിനേക്കാള്‍ അധികമായി നാം പ്രാമുഖ്യം കൊടുക്കേണ്ടത്. ക്രിസ്തുവിന്റെ പാത പിന്തുടരുന്നവര്‍ എന്ന നിലയിലും തോമാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യത്തില്‍ വളര്‍ന്നവര്‍ എന്ന നിലയിലും ഈ തിരിച്ചറിവ് നമുക്ക് അത്യാവശ്യമാണ്.
? ഓസ്ട്രേലയയില്‍ രൂപത സ്ഥാപിച്ചശേഷം നിരവധി ഉയര്‍ച്ച താഴ്ചകള്‍ നാം കണ്ടു. ആ ഏഴു വര്‍ഷത്തെ യാത്രയെ എങ്ങനെയാണ് വിലയിരുത്തുന്നത്?
OOO മനോഹരമായ യാത്രയായിരുന്നു അത്. ഒപ്പം ഒരുപാട് വെല്ലുവിളികളും. ക്രിസ്തുവിലുളള വിശ്വാസം മുറുകെപ്പിടിച്ചുളള യാത്ര എന്നു പറയാം. സാധ്യതകളുടെ നാടാണ് ഓസ്ട്രേലിയ. ഈ നാടിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ലോകത്താകമാനം കുടിയേറ്റം നടക്കുന്നത് വ്യത്യസ്ത കാരണങ്ങളാലാണ്. യുദ്ധം, ആഭ്യന്തര കലാപം, കൂട്ടക്കൊലപാതകങ്ങള്‍ എന്നിവയൊക്കെ കുടിയേറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ച് കേരളത്തില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കു കുടിയേറ്റം നടക്കുന്നത് ഇത്തരം കെടുതികള്‍ മൂലമല്ല. ആ നല്ല സാഹചര്യത്തെയോര്‍ത്ത് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സാമ്പത്തിക വിദ്യാഭ്യാസ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നമ്മുടെ നാടിന്റെ കുടിയേറ്റങ്ങള്‍. ജീവിതത്തിന് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകണം എന്നു കരുതിയാണ് നമ്മില്‍ കൂടുതല്‍ പേരും ജന്മനാട് ഉപേക്ഷിച്ചത്.
കുടിയേറി ഈ നാട്ടില്‍ എത്തിയവരെ വിശ്വാസവഴിയിലൂടെ നടത്തുകയെന്ന ഇടയന്റെ കടമയാണ് ഞാന്‍ ഇവിടെ നിര്‍വഹിച്ചത്. കരുതുന്നതുപോലെ എളുപ്പമുളള ഒന്നായിരുന്നില്ല അത്. ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും വ്യത്യസ്തമായ സാംസ്‌കാരിക പരിസരത്തുനിന്നും വന്നവരായിരുന്നു നാമെല്ലാവരും. തികച്ചും മതനിരപേക്ഷമായ സമൂഹമാണ് ഓസ്ട്രേലിയയിലേത്. എന്നാല്‍ വ്യത്യസ്ത മതങ്ങളും അവയുടെ പാരമ്പര്യങ്ങളും ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു നാട്ടില്‍നിന്നാണ് നാം ഇവിടേക്കു വന്നത്. ആ സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്ന് വരുന്നവരെ ഈ മതനിരപേക്ഷ നാട്ടില്‍ ശരിയായ വിശ്വാസ വഴിയിലൂടെ നയിക്കുകയെന്ന ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് ഏറ്റെടുത്തത്
? ഓസ്ട്രേലിയന്‍ രൂപതയില്‍ വരും നാളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റി വിവരിക്കാമോ?
OOO ആദ്യം തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. വിശ്വാസവഴിയിലെ തീര്‍ഥാന കേന്ദ്രങ്ങളാണ് ദേവാലയങ്ങള്‍. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞതുപോലെ ദേവാലയങ്ങള്‍ ദൈവത്തിനൊപ്പമായിരിക്കാനുളള, അവിടേക്ക് ചെന്നെത്താനുളള ഇടങ്ങളാണ്. ഈശോയെപ്പോലെ ആയിരിക്കുക എന്നതാണ് നമ്മില്‍ ഓരോരുത്തരിലും ഉണ്ടായിരിക്കേണ്ട ബോധ്യം. ക്രിസ്തു കേന്ദ്രീകൃതമായിരിക്കുക എന്നതാണ് നമ്മുടെ ദേവാലയങ്ങളിലെ ഓരോ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഈ ഏഴുവര്‍ഷത്തെ യാത്രയില്‍ ഇടവകകളിലെ വൈദികരും യുവാക്കളും മുതിര്‍ന്നവരും മാതാപിതാക്കളും എന്തിനേറെപ്പറയുന്നു ഉത്തരാവദിത്വപ്പെട്ട ചുമതലകള്‍ വഹിച്ചിരുന്ന എല്ലാവരും അവരുടെ കടമകള്‍ കൃത്യമായി നിറവേറ്റി. ആ നന്മയെ ഓര്‍ത്ത് ഈയവസരത്തില്‍ ദൈവത്തെ സ്തുതിക്കുന്നു.
ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച് മാര്‍ച്ച് 19-ലെ സെന്റ് ജോസഫ് ദിനം കുടുംബ ദിനമായിട്ടാണ് ആചരിച്ചത്. അതുകൊണ്ടുതന്നെ കുടുംബ നവീകരണത്തെ അടിസ്ഥാനമാക്കിയുളള പ്രവര്‍ത്തനങ്ങളാകും അടുത്ത ഒരു വര്‍ഷം നമ്മുടെ രൂപതയില്‍ നടപ്പാക്കുക. വിശ്വാസത്തില്‍ അധിഷ്ടിതമായ കുടുംബങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഓരോ കുടുംബവും ഓരോ ദേവാലയങ്ങളാണ്. അതുകൊണ്ടുതന്നെ കുടുംബപ്രാര്‍ഥനകളെ അടിസ്ഥാനമാക്കിയുളള ജീവിതക്രമമാണ് പരുവപ്പെടുത്തേണ്ടത്.
മാതാപിതാക്കളും കുട്ടികളും ദൈവവചനം വായിക്കുകയും അവയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. പരസ്പരം മനസ് തുറന്ന് സംസാരിക്കുക വഴി കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. കുടുംബങ്ങളിലെ സമാധാനത്തിനും സന്തോഷത്തിനും ഇത് ഇടവരുത്തും. അതുകൊണ്ടുതന്നെ അടുത്ത ഒരു വര്‍ഷം കുടുംബ നവീകരണത്തിന് ഇടയാക്കും വിധമുളള പ്രവര്‍ത്തനങ്ങള്‍ക്കാകും മുന്‍തൂക്കം നല്‍കുക. ഇതിന്റെ ഭാഗമായി കുടുംബ യോഗങ്ങള്‍ സജീവമാക്കും. ഒറ്റപ്പെട്ട തുരുത്തുകളായി ഇവിടുത്തെ വീടുകള്‍ മാറാതെ പരസ്പരം ഇടപഴകുന്ന യൂണിറ്റുകളായി മാറണം. അതിനുളള പ്രവര്‍ത്തനങ്ങള്‍ കൂടിയാകും അടുത്ത ഒരു വര്‍ഷം നടക്കുക. ഇതിനായി എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും തേടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.