കൂട്ടക്കൊലയ്ക്ക് ശേഷം അത്യാഡംബര പാര്‍ട്ടിനടത്തി സായുധ സേനാദിനം ആഘോഷിച്ച് മ്യാന്‍മര്‍ പട്ടാളം; ഇന്ത്യയും പങ്കെടുത്തു

കൂട്ടക്കൊലയ്ക്ക് ശേഷം അത്യാഡംബര പാര്‍ട്ടിനടത്തി സായുധ സേനാദിനം ആഘോഷിച്ച് മ്യാന്‍മര്‍ പട്ടാളം; ഇന്ത്യയും പങ്കെടുത്തു

യാങ്കൂണ്‍: മ്യാന്‍മറില്‍ ശനിയാഴ്ച 114 പേരെ കൂട്ടക്കൊല ചെയ്തശേഷം അത്യാഡംബരപൂര്‍വമായ പാര്‍ട്ടി നടത്തി പട്ടാള ഭരണാധികാരി ജനറല്‍ മിന്‍ ആങ് ലേയിങും ജനറല്‍മാരും 76-ാം സായുധ സേനാദിനം ആഘോഷിച്ചു. പാകിസ്താന്‍, ചൈന, റഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിനിധിയും ആഘോഷത്തില്‍ പങ്കെടുത്തു.

പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ നടപടിയില്‍ ലോകരാഷ്ടങ്ങള്‍ നിലപാടു കടുപ്പിച്ചിച്ചിട്ടും പട്ടാളം അടങ്ങുന്നില്ല. സായുധസേനാദിനമായ ശനിയാഴ്ചത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഞായറാഴ്ചയും സൈന്യം രണ്ടുപേരെ വെടിവെച്ചുകൊന്നു.

ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.

അക്രമത്തില്‍ ഐക്യരാഷ്ട്രസഭാ (യു.എന്‍.) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഞെട്ടല്‍ രേഖപ്പെടുത്തി.
സൈന്യത്തിന്റെ നരനായാട്ടിനെ അപലപിച്ച് ജപ്പാന്‍, ദക്ഷിണകൊറിയ, ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ന്യൂസീലന്‍ഡ് തുടങ്ങിയ 12 രാജ്യങ്ങളിലെ പ്രതിരോധ മേധാവികള്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. . മ്യാന്‍മാറുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പിട്ട ജപ്പാനും ദക്ഷിണകൊറിയയും. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ മ്യാന്‍മാറിനുമേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അടിയന്തര അന്താരാഷ്ട്ര ഉച്ചകോടി ചേരണമെന്ന് മ്യാന്‍മാറിനായുള്ള പ്രത്യേക യു.എന്‍. ദൂതന്‍ ടോം ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു. എന്നാല്‍, യു.എന്‍ രക്ഷാസമിതിവഴി മ്യാന്‍മാറിനെതിരേ നടപടിയെടുക്കുക പ്രയാസമാണെന്നാണ് വിലയിരുത്തല്‍. വീറ്റോ അധികാരമുള്ള രക്ഷാസമതി സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പട്ടാളഭരണകൂടത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം എന്‍എല്‍ഡി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാനിരുന്ന ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി പാര്‍ട്ടി നേതാവ് ഓങ് സാന്‍ സ്യൂചിയും രാജ്യത്തിന്റെ പ്രസിഡന്റ് വിന്‍ മിന്റുമുള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയത്. 1962 മുതല്‍ 2011 വരെ പട്ടാളഭരണത്തിലായിരുന്ന മ്യാന്‍മാറിന്റെ ജനാധിപത്യവുമായുള്ള ചുരുങ്ങിയ കാലത്തെ ബന്ധമാണ് ഇതോടെ തകര്‍ന്നത്. സ്യൂചിക്കും മിന്റിനുമെതിരേ വിവിധ ക്രിമിനല്‍ക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അട്ടിമറിക്കുശേഷം ഇതുവരെ മൂവായിരത്തിലേറെപ്പേരെ സൈന്യം തടവിലാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.