തിരുവനന്തപുരം: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടെന്നത് വെറും ആരോപണം മാത്രമെന്ന വിചിത്ര വാദവുമായി കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു.
എന്നാല്‍, യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്നുയരുന്നത്. ആക്രമണം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയതെന്നും സീറോ മലബാര്‍ സഭ പ്രതികരിച്ചു.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ അസ്ഥാനത്തുള്ള പ്രതികരണത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും വെട്ടിലായി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി അടുപ്പമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.
ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം ഝാന്‍സി റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.
ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് പറഞ്ഞത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ഈ മാസം 19 ന് അതിക്രമം നടന്നത്.
സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റശ്രമം നടന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.