തീവ്രവാദികളുടെ പിടിയിൽനിന്ന് സ്വതന്ത്രനായി കത്തോലിക്കാ പുരോഹിതൻ

തീവ്രവാദികളുടെ പിടിയിൽനിന്ന് സ്വതന്ത്രനായി കത്തോലിക്കാ പുരോഹിതൻ

രണ്ടുവർഷം മുൻപ് അൽ ഖ്വയ്‌ദ അനുകൂല തീവ്രവാദ സംഘം തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ വൈദീകനായ ഫാ. പിയർലൂയിജി മക്കല്ലി സ്വതന്ത്രനായി. 2018 സെപ്റ്റംബർ 17 നാണ് ബുർകിന ഫാസോയുടെ അതിർത്തിക്കുസമീപം തെക്കു പടിഞ്ഞാറൻ നീജറിലുള്ള ഒറ്റപ്പെട്ട ഇടവകയിൽ നിന്നും ഫാ.പിയർലൂജിയെ തട്ടിക്കൊണ്ടു പോയത്.ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തട്ടിക്കൊണ്ടുപോയവർ പുറത്തുവിട്ട വൈദീകന്റെ വീഡിയോ കണ്ടതോടെ അദ്ദേഹം ജീവനോടെ ഉണ്ടെന്നു ഉറപ്പായിരുന്നു.

സ്വതന്ത്രനാക്കപ്പെടുമ്പോൾ അദ്ദേഹം ഉത്തര മാലിയിൽ ആയിരുന്നു എന്നാണ് സൂചന. നിക്കോള ചിയാക്കിയോ എന്ന് പേരുള്ള മറ്റൊരു ഇറ്റലിക്കാരനും വൈദീകനോടൊപ്പം മോചിതനായി. ഇവരുടെ മോചനവാർത്തയെക്കുറിച്ചു മാലിയുടെ പ്രസിഡന്റിന്റെ ഓഫിസിൽ നിന്നും ഒക്ടോബർ എട്ടാം തിയ്യതി ഔദ്യോഗികമായ അറിയിപ്പുണ്ടായി. 

ഇറ്റലിയുടെ വിദേശകാര്യ മന്ത്രിയായ ലൂയിജി ഡി മായോ, ഇരുവരുടെയും മോചനത്തിൽ തനിക്കുള്ള സന്തോഷം ട്വിറ്ററിൽ രേഖപ്പെടുത്തി, " ഒടുവിൽ ഫാ.പിയർ ലൂയിജിയും നിക്കോള ചിയാക്കിയോയും സ്വതന്ത്രരായി. അവർ സൗഖ്യത്തോടെ ഇരിക്കുന്നു. അവരുടെ സുരക്ഷിതമായ വിടുതലിനു കളമൊരുക്കിയ ഇറ്റാലിയൻ ഇന്റലിജൻസ് സർവീസിന് ഞാൻ നന്ദി പറയുന്നു." 

അൽ ഖ്വയ്ദ തീവ്രവാദികളുടെ പിടിയിലായിരുന്ന സോഫി പട്രോനിൻ എന്ന സ്വിസ് വനിത കഴിഞ്ഞ വ്യാഴാഴ്ച വിട്ടയക്കപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു സ്വിസ് വനിത വെള്ളിയാഴ്ച അതി ദാരുണമായി മാലിയിൽ വച്ചുതന്നെ വധിക്കപ്പെടുകയും ചെയ്തു. മാലിയിൽ ശക്തമായ തീവ്രവാദപ്രവർത്തനങ്ങൾ നടക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.