തമിഴ്‌നാട്ടില്‍ ക്ലച്ച് പിടിക്കാതെ നരേന്ദ്ര മോഡി: ട്രെന്റിംഗായി'ഗോ ബാക്ക് മോഡി'; കടക്ക് പുറത്ത് മോഡല്‍ മീമുകളും സജീവം

തമിഴ്‌നാട്ടില്‍ ക്ലച്ച് പിടിക്കാതെ നരേന്ദ്ര മോഡി: ട്രെന്റിംഗായി'ഗോ ബാക്ക് മോഡി'; കടക്ക് പുറത്ത് മോഡല്‍ മീമുകളും സജീവം

ചെന്നൈ: ദ്രാവിഡ മണ്ണില്‍ ക്ലച്ച് പിടിക്കാനാകാതെ ബിജെപിയുടെ മുഖ്യ താര പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തില്‍ പാലക്കാട്ടെ പൊതുയോഗം കഴിഞ്ഞ് മോഡി പോയത് തമിഴ്‌നാട്ടിലേക്കാണ്. പ്രചാരണത്തിനായി മോഡി എത്തും മുമ്പേ സമൂഹ മാധ്യമങ്ങളില്‍ 'ഗോ ബാക്ക് മോഡി' ട്രെന്റിംഗായി മാറി.

പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടില്‍ വരാറുണ്ടോ അപ്പോഴൊക്കെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവാറുണ്ട്. തമിഴ്നാടിനെ ഉത്തര്‍പ്രദേശാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ഈ ക്യാമ്പയിനില്‍ ഉള്ളവര്‍ പറയുന്നത്. വിദ്വേഷം പടര്‍ത്താനാണ് മോഡി വരുന്നതെന്ന് ട്വീറ്റുകളില്‍ ആരോപണമുണ്ട്. കടക്ക് പുറത്ത് മോഡല്‍ മീമുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അംബാനിക്കും അദാനിക്കും വേണ്ടി 24 മണിക്കൂറും പണിയെടുക്കുന്ന സന്ന്യാസിയാണ് മോഡിയെന്നാണ് മറ്റൊരു പരിഹാസം. കര്‍ഷക സമരം അടക്കമുള്ള കാര്യങ്ങളും മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം ഒരുവശത്ത് ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമെല്ലാം നരേന്ദ്ര മോഡിയുടെ പേരുകള്‍ അണ്ണാഡിഎംകെ ഒഴിവാക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ പോലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. നേരത്തെ മോഡിയുടെ പേരെഴുതിയ ചുവരെഴുത്തുകളില്‍ നിന്ന് പോലും അദ്ദേഹത്തിന്റെ പേര് കുമ്മായമടിച്ച് മായ്ക്കുകയാണ്.

മുമ്പ് കറുത്ത ബലൂണുകളൊക്കെ പറത്തിയും മോഡിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. യുവാക്കള്‍ക്കിടയില്‍ രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂട്ടി നല്‍കുമെന്ന് ഒക്കെയാണ് പ്രകട പത്രികയിലെ വാഗ്ദാനം. എന്നാല്‍ ഇതൊന്നും വലിയ ആവേശം വോട്ടര്‍മാരില്‍ ഉണ്ടാക്കിയിട്ടില്ല.

മോഡിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളാണ് തമിഴ്നാടും കേരളവുമെന്ന് നേരത്തെ സര്‍വ്വേകളില്‍ നിന്ന് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന ഭയമാണ് ബിജെപിക്കുള്ളത്. അതാണ് ഗോബാക്ക് മോദിയും സൂചിപ്പിക്കുന്നത്.

ജയലളിതയുടെ പേര് ഉപയോഗിച്ചാണ് ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രചാരണം. പോസ്റ്ററുകളിലും അങ്ങനെ തന്നെയാണ്. അണ്ണാഡിഎംകെയ്ക്ക് ബിജെപി സഖ്യം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. പത്ത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അവരുടെ ഭയം. സിഎഎ നടപ്പാക്കില്ലെന്ന് അണ്ണാഡിഎംകെ പറയുന്നു. നടി ഖുശ്ബു പോലും മോഡിയുടെ ചിത്രം ഒഴിവാക്കിയാണ് പ്രചാരണം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.