പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയ കേസിലെ ഏഴ് പ്രതികളുടെ വിചാരണാ നടപടികള്‍ സുപ്രീംകോടതിയില്‍ തുടങ്ങി. 2017 ഡിസംബറിലാണ് ജെറാള്‍ട്ടണു സമീപത്തുനിന്ന് 1.2 ടണ്‍ മയക്കുമരുന്ന് പിടികൂടിയത്. പാര്‍ടി ഡ്രഗ് എന്ന് അറിയപ്പെടുന്ന മെത്താംഫെറ്റാമിന്‍ ആണ് കണ്ടെടുത്തത്. വിചാരണക്കുമുന്‍പായി പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ കടല്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് ബോട്ടില്‍ നിന്ന് ഇറക്കുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നെന്നും ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. ഇതോടെയാണ് വിസ്താരത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചത്.
രാജ്യാന്തര മാര്‍ക്കറ്റില്‍ 160 മില്യണ്‍ ഡോളര്‍ വിലവരുന്ന മയക്കുമരുന്നാണ് പ്രതികളില്‍ നിന്ന് നേരത്തെ കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന സ്റ്റീഫന്‍ ബാക്സ്റ്ററാണ് കേസിലെ മുഖ്യപ്രതി. മറ്റ് ആറ് പ്രതികള്‍ കടല്‍ മാര്‍ഗം മയക്കുമരുത്ത് കടത്തിക്കൊണ്ടുവന്നവരും അതിന് സഹായം ചെയ്തവരുമാണെന്ന് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ഹീത്ത് ബാര്‍ക്ലേ അറിയിച്ചു. ഇവരില്‍ ജാബോര്‍ ലാഹൂദ്, പീറ്റര്‍ ഹാര്‍ബ് എന്നിവര്‍ക്ക് ലഹരിമരുന്ന് കടല്‍മാര്‍ഗം കൊണ്ടുവന്നതിന്റെ ആസൂത്രണത്തിലും പങ്കുണ്ട്.
25 കിലോ വീതമുളള 60 പാക്കറ്റുകളിലാക്കിയാണ് മെത്താംഫെറ്റാമിന്‍ കൊണ്ടുവന്നത്. ഇത് ചുമന്നുമാറ്റുന്നതിനിടെയാണ് പോലീസ് പിടികൂടിയതെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
2017 ഡിസംബറിലാണ് മയക്കുമരുന്ന് പിടികൂടിയതെങ്കിലും അതിനും അഞ്ച് മാസം മുന്‍പുതന്നെ ആസൂത്രണം തുടങ്ങിയിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനമായ രീതിയില്‍ മുന്‍പും പ്രതികള്‍ കടല്‍ മാര്‍ഗം ലഹരിമരുന്ന് എത്തിച്ചിട്ടുണ്ട്. ഇത് വിജയിച്ചതോടെയാണ് കൂടുതല്‍ അളവില്‍ ലഹരിമരുന്ന് കടത്തിന് നീക്കം തുടങ്ങിയത്. ഇതിനായി മൂന്നര ലക്ഷം ഡോളര്‍ മുടക്കി ബോട്ടും വാങ്ങി. എന്നാല്‍ പോലീസ് നിരത്തിയ രണ്ട് സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും വിശദമായ വാദം വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.