കാന്‍ബറ: കൊറോണ വൈറസിന്റെ ഉത്ഭവം, വ്യാപനം എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) ചൈന കൈമാറാത്തതില്‍ പ്രതിഷേധവുമായി ഓസ്ട്രേലിയയും. വിവരങ്ങള്‍ കൈമാറാത്തതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോര്‍ട്ട് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച 13 രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കുചേര്‍ന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിനായി ചൈനയിലെത്തിയ ഗവേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടിരുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവേഷകര്‍ വുഹാന്‍ സന്ദര്‍ശിച്ചത്. നാല് ആഴ്ചയോളമാണ് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനില്‍ ചെലവഴിച്ചത്. ചൈനീസ് ശാസ്ത്രജ്ഞരുമായി സംയുക്തമായി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടില്‍, വവ്വാലുകളില്‍ നിന്ന് വൈറസ് മറ്റൊരു മൃഗത്തിലേക്ക് പകരുകയും അതു പിന്നീട് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. എന്നാല്‍ വൈറസ് ലാബില്‍ ചോര്‍ന്നതാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
അതേസമയം, നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതായി ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു. ഭാവിയിലെ സംയുക്ത പഠനങ്ങളില്‍ കൂടുതല്‍ സമഗ്രമായ ഡാറ്റ ചൈന പങ്കിടുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് വൈകുന്നതു സംബന്ധിച്ച് യുഎസ്, യുകെ, ജപ്പാന്‍, കാനഡ, ചെക്ക് റിപ്പബ്ലിക്ക് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്നാണ് ഓസ്ട്രേലിയ പ്രസ്താവന പുറത്തിറക്കിയത്.
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്തും ഉത്ഭവം സംബന്ധിച്ച അടിസ്ഥാനപരമായ വിവരങ്ങള്‍ ഗവേഷകര്‍ക്ക് നല്‍കാന്‍ ചൈന വിസമ്മതിച്ചിരുന്നു. ആഗോള മഹാമാരി എങ്ങനെ ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്ു തിരിച്ചടിയാണ് ചൈനയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.