കാന്‍ബറ: പ്രതിരോധ മേഖലയ്ക്ക് അടുത്ത കാലത്തായി ഏറെ പ്രാധാന്യം നല്‍കുന്ന ഓസ്ട്രേലിയ തദ്ദേശീയ നിയന്ത്രിത മിസൈലുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇതിനായി ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ആയുധ നിര്‍മാണ കേന്ദ്രവും സ്ഥാപിക്കും. ആഗോള ആയുധ നിര്‍മാതാക്കളുടെ പങ്കാളിത്തവും തേടും. അതേസമയം, നിര്‍മാണ കേന്ദ്രം രാജ്യത്ത് എവിടെ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രതിരോധ രംഗത്ത് ഓസ്‌ട്രേലിയയെ സ്വയം പര്യാപ്തതയിലേക്കു നയിക്കാന്‍ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖലയ്ക്കായി 270 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രതിരോധ രംഗത്ത് ആയുധ വികസനത്തിലടക്കം സ്വയാര്‍ജിത ശക്തിയായി ആഗോള തലത്തില്‍ മാറിയാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഓസ്ട്രേലിയ തദ്ദേശീയ മിസൈല്‍ പദ്ധതിക്കു രൂപം നല്‍കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയ വാക്‌സിന്‍ നിര്‍മിക്കണോ പ്രതിരോധ രംഗത്ത് മുതല്‍മുടക്കണോ എന്ന സംശയം ഉയര്‍ന്നിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ നിലവിലെ ലോക സാഹചര്യത്തില്‍ പ്രതിരോധ മേഖലയ്ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആഗോള ആയുധ നിര്‍മാണ കമ്പനികളുമായുള്ള പങ്കാളിത്തത്തോടെയാവും മിസൈലുകള്‍ ഓസ്ട്രേലിയ വികസിപ്പിക്കുക.
ഇതിനായി പ്രതിരോധ മന്ത്രാലയം തുടര്‍ നടപടികളുമായി മുന്നോട്ടു പോകും. ശബ്ദത്തേക്കാള്‍ എട്ടു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ അമേരിക്കയുടെ പങ്കാളിത്തത്തോടെ നിര്‍മിക്കാന്‍ ഓസ്ട്രേലിയ അടുത്തിടെ തീരുമാനിച്ചിരുന്നു.
തദ്ദേശീയ മിസൈല്‍ നിര്‍മാണത്തിനും അമേരിക്കയുടെ പിന്തുണയുണ്ടെന്ന് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. ഓസ്ട്രേലിയയ്ക്കു മാത്രമല്ല, തങ്ങളുമായി സൈനികമായി സഹകരിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും തദ്ദേശീയ മിസൈല്‍ നിര്‍മാണം കൊണ്ട് പ്രയോജനമുണ്ടാകും.
തദ്ദേശീയ ഗൈഡഡ് മിസൈലുകള്‍ ഭാവിയില്‍ ഓസ്ട്രേലിയയുടെ ആയുധശേഖരത്തിലെ സുപ്രധാന ഭാഗമാകുമെന്ന് പ്രതിരോധ വ്യവസായ മന്ത്രി മെലീസ പ്രൈസ് പറഞ്ഞു. തദ്ദശീയ ആയുധ നിര്‍മാണപദ്ധതി വഴി 2000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.