ജനാധിപത്യത്തിന്റെനാലാം തൂണുകള്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് ജനങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ രൂപീകരണം സൃഷ്ടിക്കാന്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. അച്ചടി മാധ്യമങ്ങള്‍ മാത്രം നാട് വാണിരുന്ന കാലത്ത് മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ തുടങ്ങുന്നത് പറമ്പിലോവാതില്‍പ്പടിയിലോ വീണുകിടക്കുന്നപത്രം എടുത്ത് വായിച്ച് കൊണ്ടായിരുന്നു.
സ്വന്തം വീട്ടിലെ പത്രം അരച്ച് കലക്കി വായിച്ചതിന് ശേഷം പുറത്തേയ്ക്കിറങ്ങി ചായക്കടയില്‍ കയറി ഒരു ചായയും കുടിച്ച് അവിടുന്ന്മറ്റൊരു പത്രവും വായിച്ച് നാട്ടുകാരോട് ചര്‍ച്ചകളും നടത്തി പറ്റിയാല്‍ ബാര്‍ബര്‍ ഷോപ്പിലെയുംവായന ശാലയിലെയുംപേപ്പറുകള്‍ കൂടി വായിച്ച് ആശയ രൂപീകരണം നടത്തിയിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു മലയാളിക്ക്.
ഇന്നതൊക്കെ മാറി. ദൃശ്യ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളെ പിന്‍ സീറ്റിലേക്ക് തള്ളി മാറ്റി. സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ ചര്‍ച്ചകളും വാര്‍ത്തകളും പ്രക്ഷേപണം ചെയ്യുന്ന ഈ സത്യാനന്തര കാലഘട്ടത്തില്‍ പണക്കൊഴുപ്പ് മാധ്യമ ധര്‍മ്മത്തെ ഉടലോടെ വിഴുങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പണ്ടൊക്കെ ജനസേവന പ്രവര്‍ത്തങ്ങളുടെയും നയ പരിപാടികളുടെയും അടിസ്ഥാനത്തില്‍ നേതാക്കന്മാരുടെ വലിപ്പച്ചെറുപ്പങ്ങള്‍ അളന്നിരുന്നെങ്കില്‍ ഇന്ന് അവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യവും മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടുകളുമാണ് അവരെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും.
കേരളത്തിലെ എല്ലാ ചാനലുകളിലെയും സര്‍വ്വേകളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ അവര്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് പിണറായി വിജയനാണ്. ഇതിനെ പി.ആര്‍ വര്‍ക്ക് എന്നും പെയ്ഡ്സര്‍വ്വേ എന്നുമൊക്കെ വിളിച്ച് എതിരാളികള്‍ അവഹേളിക്കുമ്പോള്‍ നിക്ഷപക്ഷരായവര്‍ക്ക് ഇതിനെ വെറുതെ തള്ളിക്കളയാനാവില്ല. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ അവരുടെ സ്വീകരണ മുറിയിലെ ടിവിയില്‍ വന്ന് ജനങ്ങളെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം ജനങ്ങളുടെ ഉള്ളില്‍ പതിഞ്ഞ് കഴിഞ്ഞു.ചാനലുകള്‍ ലൈവായി അദ്ദേഹത്തിന്റെ ദൈനംദിന വാര്‍ത്താ സമ്മേളനം സംപ്രേക്ഷണം ചെയ്യുമ്പോള്‍ മന്ത്രിമാരുടെയുംപാര്‍ട്ടി നേതാക്കന്മാരുടെയും ഫേസ്ബുക്കിലും അത് ജീവനോടെ നിറഞ്ഞ് നിന്നു. അവരാരുംനേരിട്ട് കണ്ടിട്ടില്ലാത്ത, മനസിലാക്കിയിട്ടില്ലാത്ത പിണറായി വിജയനെ അവര്‍ കണ്ടറിഞ്ഞ് ഇഷ്ടപ്പെടുന്നത് മാധ്യമങ്ങളിലൂടെ മാത്രം. ഇതിനെ ചില സീരിയല്‍, സിനിമാ താരങ്ങളോട് ജനങ്ങള്‍ക്കുള്ള ഇഷ്ടത്തോട് ഉപമിക്കാമെങ്കിലും ആ ഇഷ്ടം വോട്ടായിമാറുമ്പോള്‍ ആ വ്യക്തി ഭരണാധികാരി ആയി മാറും. അതാണല്ലോജനാധിപത്യ മര്യാദ.
പി.ആര്‍ വര്‍ക്ക്, പെയിഡ് വാര്‍ത്തകള്‍ എന്നൊക്കെ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല . ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ച് മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇതൊക്കെ സത്യമാണെന്നും ഈ സത്യാനന്തര കാലഘട്ടത്തില്‍ നമ്മെ നയിക്കുന്നതും ഭരിക്കുന്നതുംമാധ്യമങ്ങള്‍ക്ക് പിന്നിലൂടെ ഒഴുകിയെത്തുന്ന പണക്കൊഴുപ്പാണെന്നും വിശ്വസിക്കാന്‍ നമുക്ക് അല്‍പം സമയമെടുക്കും.
ഒരു ലാപ്‌ടോപ്പും സോഷ്യല്‍ മീഡിയ അക്കൗണ്ടും പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഏതാനും ഐ.ടി വിദഗ്ദ്ധരുമുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തും ചെയ്യാം. എല്ലാ പാര്‍ട്ടികളുടെയും ആസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഡസന്‍ കണക്കിന്വിദദ്ധര്‍ ശമ്പളം പറ്റി ജോലി ചെയ്യുന്നുണ്ട്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലായിരുന്ന ട്രംപിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിപ്രസിഡന്റ് പദവിയിലെത്തിച്ചതിലും രണ്ടാം വട്ടം പരാജയപ്പെടുത്തിയതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്താന്‍ നരേന്ദ്ര മോഡിയെസഹായിച്ചത് മാധ്യമങ്ങളും പി.ആര്‍ വര്‍ക്കും മാത്രമാണെന്ന് ആരോപിക്കുന്നവരുമുണ്ട്.
ഏതായാലും 2021 ലെ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമായി മാധ്യമ സാന്നിധ്യവും സജീവ ഇടപെടലുകളും സ്പഷ്ടമാണ്. അടിയൊഴുക്കുകള്‍ എല്ലായിടത്തും ഇന്ന് പരസ്യമായി ഒഴുകുന്നു. സാധാരണ മലയാളികള്‍ വായനാ ശീലമുള്ളവരും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമുള്ളവരുമാണ്. അവര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ സ്വാധീനിക്കേണ്ടതെന്ന് വ്യക്തമായി അറിയാം.
സാമാന്യ രാഷ്ട്രീയ ബോധമുള്ളവര്‍ ധാരാളമുണ്ടെങ്കിലും കേരളത്തില്‍ തീവ്ര രാഷ്ട്രീയ നിലപാടുകളുള്ളവര്‍ വളരെ കുറവാണ്. 2015 ലെ പഠനം പറയുന്നത് തീവ്ര ഇടതുപക്ഷനിലപാടുകളുള്ളവര്‍ 25 ശതമാനവും വലത് പക്ഷനിലപാടുള്ളവര്‍ ഏകദേശം 22 ശതമാനവുമാണ് എന്നാണ്. കടുത്ത ബിജെപി അനുകൂലികള്‍ അഞ്ച് ശതമാനവും മറ്റ് പാര്‍ട്ടികളെല്ലാം കൂടി അഞ്ച് ശതമാനവുമാണ്. അതിനര്‍ത്ഥം ഏകദേശം 43 ശതമാനം മലയാളികള്‍ കടുത്ത രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്തവരാണെന്നല്ലേ. ഇങ്ങനെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തുക വിഷയാധിഷ്ഠിതമായോ, വ്യക്തികളെ നോക്കിയോആയിരിക്കണം.
ഇങ്ങനെയുള്ള ഒരു വലിയ ജന വിഭാഗത്തെ നിസാരമായി സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. ഇവിടെയാണ് സാമൂഹിക മാധ്യമങ്ങളുടെയുംമുഖ്യധാരാ മാധ്യമങ്ങളുടെയും പ്രസക്തി വര്‍ധിക്കുന്നതും. ഇത്തരക്കാര്‍ രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മേളനങ്ങളിലോ പ്രചാരണ യോഗങ്ങളിലോപോകാറില്ല. എങ്കിലും ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവര്‍ ഓരോ പാര്‍ട്ടികളെയും അവരുടെ നയങ്ങളേയും നേതാക്കന്മാരെയുമെല്ലാം വിശകലനം ചെയ്യുന്നുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.