ഇരട്ടവോട്ട് തടയണം; ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാമെന്നും ഹൈക്കോടതി

ഇരട്ടവോട്ട് തടയണം; ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാമെന്നും ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

ഇരട്ടവോട്ട് തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ഒരു മാര്‍ഗരേഖ നല്‍കിയിരുന്നു. അത് പൂര്‍ണമായും ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യം ബിഎല്‍ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും.

ഇത്തരം വോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. അതോടൊപ്പം അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. കൈയില്‍ മഷി രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മാര്‍ഗരേഖയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ സംബന്ധിച്ച പട്ടികയായിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് തയ്യാറാക്കിയ പട്ടിക കളക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. പട്ടികയ്ക്കൊപ്പം നേരിട്ട് ബൂത്തിലെത്തി വോട്ടു ചെയ്യേണ്ടാത്തവര്‍, മണ്ഡലം മാറിയവര്‍, മരിച്ചുപോയവര്‍ എന്നിവരുടെ പട്ടികയും തിരഞ്ഞെടുപ്പിനു മുമ്പ് തയ്യാറാക്കും. ഇതും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകള്‍ സോഫ്റ്റ് വെയര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.

തുടര്‍ന്നാണ് 38,586 ഇരട്ട വോട്ടുകള്‍ മാത്രമേയുള്ളൂവെന്ന് കമ്മിഷന്‍ കണ്ടെത്തിയത്. ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോട്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് വോട്ടര്‍പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുക.

ഇരട്ടവോട്ടുളളവരെ വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇടക്കാല ആവശ്യമായി രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ആ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.ഇരട്ടവോട്ടുണ്ടെന്ന് കരുതി ഒരാളെ വോട്ടുചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തത്.

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യൂ എന്നുളളൂവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ഇരട്ടവോട്ടുളളവര്‍ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.