4,34,000 ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് കെപിസിസിയുടെ 'ഓപറേഷന്‍ ട്വിന്‍സ്'

4,34,000  ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് കെപിസിസിയുടെ 'ഓപറേഷന്‍ ട്വിന്‍സ്'

കൊച്ചി: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ വെബ്‌സൈറ്റുമായി യുഡിഎഫ്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്സൈറ്റിലുള്ളത്.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി ഒമ്പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണ്. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

38,586 ഇരട്ട വോട്ടുകള്‍ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നത്.

തങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെപിസിസിയും രമേശ് ചെന്നിത്തലയുടെ ഓഫീസും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.