ഓപ്പറേഷന്‍ ട്വിന്‍സ്; കള്ളവോട്ടുകള്‍ തടയാന്‍ തന്ത്രങ്ങളുമായി യു.ഡി.എഫ്

ഓപ്പറേഷന്‍ ട്വിന്‍സ്; കള്ളവോട്ടുകള്‍ തടയാന്‍ തന്ത്രങ്ങളുമായി യു.ഡി.എഫ്

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടര്‍ഭരണ സ്വപ്നം പൊളിക്കാന്‍ നേരിട്ടിറങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടില്‍ പാര്‍ട്ടിയുടെ വലിയൊരു ടീമിനെ തന്നെയാണ് അദ്ദേഹം മുന്നില്‍നിന്ന് നയിക്കുന്നത്. ഹൈക്കോടതിയില്‍നിന്ന് ഇരട്ട വോട്ടില്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. ഇതോടെ 140 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രത്യേക ചുമതലകള്‍ നല്‍കി നിയോഗിക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.

നൂതന സാങ്കേതികസംവിധാനങ്ങള്‍ എല്ലാം ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി സൈബര്‍ സെല്‍ അറിയിച്ചു. ഒളി കാമറകളും പെന്‍ ക്യാമറകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിനായി ഉപയോഗിക്കും. പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധരെഓരോ മണ്ഡലത്തിന്റെയും ഉത്തരവാദിത്വം ഇതിനോടകം ഏല്‍പ്പിച്ചു കഴിഞ്ഞു.

വ്യാജവോട്ട് തടഞ്ഞാല്‍ മാത്രമേ തുടര്‍ ഭരണത്തിന് തടയിടാനാവൂ എന്നാണ് വിലയിരുത്തല്‍. കെ.പി.സി.സി നിയോഗിച്ച വന്‍ ടീമായിരുന്നു ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. അതോടെ ഈ വിഷയം ഏറ്റവും ഗൗരവത്തോടെ തെളിവ് സഹിതം പുറത്തെത്തിച്ച പ്രതിപക്ഷ നേതാവ് തന്നെയാണ് പുതിയ ദൗത്യത്തിനും നേതൃത്വം നല്‍കുന്നത്. ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക കോണ്‍ഗ്രസിന്റെ കൈവശമുണ്ട്. ഇത് 25000 ബൂത്തുകളിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനുള്ള നടപടിയും തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജ വോട്ടുകളുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിക്കൊപ്പമുള്ള മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മണ്ഡലത്തിനുള്ളിലെ ഇരട്ട വോട്ടുകളും പല മണ്ഡലങ്ങളിലായി ചേര്‍ത്ത വ്യാജ വോട്ടുകളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ ഉന്നയിച്ച വിഷയം സത്യമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വ്യാജ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ അന്തകനായി കഴിഞ്ഞ പത്ത് വര്‍ഷത്തോളം മാറിയതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അത് തടഞ്ഞില്ലെങ്കില്‍ മുന്‍പുള്ള പോലെയാവില്ല. കോണ്‍ഗ്രസിന്റെ തന്നെ അവസാനമായി മാറിയേക്കും. ഈ സാഹചര്യത്തിലാണ് മുന്നില്‍നിന്ന് നയിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

ഓരോ മണ്ഡലത്തില്‍ ശരാശരി 20000 വ്യാജ വോട്ടര്‍മാരുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. ബൂത്തുതലത്തില്‍ തന്നെ പരിശോധിച്ച് നടപടിയെടുക്കാനാണ് നിര്‍ദേശം. അതേസമയം കോണ്‍ഗ്രസ് തയ്യാറാക്കിയ പട്ടികയില്‍ നടപടിയെടുക്കുക ദുഷ്‌കരമായ കാര്യമാണ്. ഒരുപക്ഷേ രണ്ടിടത്ത് വോട്ടുള്ളവര്‍ ഒരിടത്ത് വോട്ടുള്ളതേ അറിയുന്നുണ്ടാവൂ. മറ്റേ ബൂത്തില്‍ ഇതേ പേരില്‍ ആരും വോട്ട് ചെയ്യാന്‍ വന്നുകൊള്ളണമെന്നില്ല. വ്യാജ വോട്ട് പ്രതിരോധത്തിന് വിദഗ്ധരാണ് നേതൃത്വം നല്‍കുക. കള്ളവോട്ട് തടയാന്‍ പരിശീലനവും നല്‍കും. വെബ് കാസ്റ്റിംഗ് അടക്കം എല്ലാ ബൂത്തിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.