അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തു

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തു

ന്യൂഡല്‍ഹി: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന ആസാമില്‍ ബിജെപി എംഎല്‍എയുടെ വാഹനത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീനുകള്‍ കണ്ടെത്തി. പതര്‍ഖണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ പുനര്‍ വിചിന്തനം നടത്തണമെന്ന് സംഭവത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവന്ന കാര്‍ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. 

എന്നാല്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകളുമായി മടങ്ങുകയായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ കേടായതായും തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ എംഎല്‍എ വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകാന്‍ സൗകര്യം ചെയ്‌തുകൊടുത്തതാണെന്നുമാണ് എംഎല്‍എ വിശദീകരിക്കുന്നത്. വോട്ടിംഗ് മെഷീന് കേടുപാടൊന്നുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്വകാര്യ വാഹനങ്ങളില്‍ ഇവിഎം മെഷീനുകള്‍ കൊണ്ടുപോകുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നും മിക്ക സ്വകാര്യ വാഹനങ്ങളും ബിജെപി നേതാക്കളുടേതാണെന്നും പ്രിയങ്കാ ഗാന്ധി ട്വി‌റ്ററില്‍ ആരോപിച്ചു. ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും കമ്മീഷന്‍ നടപടികള്‍ എടുക്കുന്നില്ലെന്നും വാര്‍ത്തകള്‍ മാധ്യമങ്ങളെ ഇല്ലാതെ ആക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ബിജെപി ആസാമില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും പ്രിയങ്ക പറഞ്ഞു.ആസാമില്‍ 39 സീ‌റ്റുകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 77.21 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.