ആലീസ് സ്പ്രിംഗ്‌സ്: ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ കാണാതായ നാലു വയസുകാരിയെ 24 മണിക്കൂര്‍ തെരച്ചിലിനുശേഷം പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മധ്യ ഓസ്ട്രേലിയയിലെ ജനവാസം കുറഞ്ഞ സിംപ്സണ്‍ മരുഭൂമി പ്രദേശത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ കാണാതാകുന്നത്. രണ്ടു പകല്‍ നീണ്ട തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ ഇന്നു നാലു മണിയോടെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. വിപുലമായ തെരച്ചിലാണ് നോര്‍ത്തേണ്‍ ടെറിട്ടറി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയത്.
തെരച്ചിലിനായി ഡ്രോണ്‍, ഹെലികോപ്റ്റര്‍, പോലീസ് നായ്ക്കള്‍, പട്രോളിംഗ് വാഹനങ്ങള്‍ എന്നിവയെ വിന്യസിച്ചിരുന്നു.
ആലീസ് സ്പ്രിംഗ്‌സിന് 150 കിലോമീറ്റര്‍ തെക്കുകിഴക്കായി ടിറ്റ്ജിക്കാലയ്ക്കടുത്തുള്ള ജനവാസം കുറഞ്ഞ പ്രദേശത്താണ് കുട്ടിയെ അവസാനമായി മാതാപിതാക്കള്‍ക്കൊപ്പം കണ്ടത്. കുട്ടിയെ കണ്ടെത്താന്‍ പോലീസ് ആകാശത്തിലൂടെയും കരയിലൂടെയും തെരച്ചില്‍ നടത്തി. രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നു പുലര്‍ച്ചെ വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.
കുട്ടിയെ കാണാതായ പ്രദേശത്ത് ഇന്ന് താപനില 32 ഡിഗ്രി വരെ ഉയരുമെന്നതിനാല്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നതായി പോലീസ് ആക്ടിംഗ് സൂപ്രണ്ട് മൈക്കല്‍ പോട്ട്‌സ് പറഞ്ഞു. ഓട്ടിസമുള്ള കുട്ടിക്ക് കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുകളുമുണ്ട്. അതാണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തിയത്. മുള്‍പടര്‍പ്പുള്ള മരുഭൂമി പ്രദേശമായിരുന്നു അത്. എന്തായാലും മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന് അവള്‍ തിരിച്ചെത്തി-അദ്ദേഹം പറഞ്ഞു. തെരിച്ചിലിന്റെ വിവരങ്ങള്‍ കുടുംബവുമായി പങ്കുവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.