മെല്‍ബണ്‍: ആസ്ട്രാസെനക്ക വാക്സിന്‍ സ്വീകരിച്ച ശേഷം 44 വയസുകാരന്റെ രക്തം കട്ട പിടിച്ചതായി മെല്‍ബണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് ഓസ്ട്രേലിയയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ മൈക്കല്‍ കിഡ്.
യുവാവിന് രക്തം കട്ടപിടിച്ചതും ആസ്ട്രാസെനക്ക വാക്‌സിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അവ പരസ്പരം ബന്ധിപ്പിക്കാന്‍ നിലവില്‍ കൃത്യമായ തെളിവുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസിലെ ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ പരിശോധിക്കുമ്പോഴും സമാനമായ ചില സംഭവങ്ങള്‍ വിദേശത്ത് റിപ്പോര്‍ട്ട് ചെയ്തത് വിലയിരുത്തുമ്പോഴും വാക്‌സിനുമായി ബന്ധപ്പെട്ടതാകാമെന്ന് കരുതുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മെല്‍ബണിലെ ഈ സംഭവം വാക്‌സിന്‍ വിതരണത്തില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതാണ്. പരിശോധനകളുടെ ഫലം ലഭിച്ചാലുടന്‍ വിവരങ്ങള്‍ ജനങ്ങള്‍ക്കു കൈമാറും-പ്രൊഫസര്‍ കിഡ് പറഞ്ഞു.
അതേസമയം, വാക്‌സിന്‍ വിതരണം നിർത്തിവയ്ക്കേണ്ട ആവശ്യമില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനും (ടിജിഎ) ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനും (എ.ടി.എ.ജി.ഐ) അഭിപ്രായപ്പെട്ടു.
വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. അതേസമയം, ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാലാണ് എ.ടി.എ.ജി.ഐയും ടിജിഎയും ഈ കേസില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. മാര്‍ച്ച് 22 നാണ് മെല്‍ബണിലെ 44 കാരന് അസ്ട്രാസെനക്ക വാക്‌സിന്‍ ലഭിച്ചത്. തുടര്‍ന്ന് അപൂര്‍വ കട്ടപിടിക്കല്‍ തകരാറായ ത്രോംബോസിസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ബോക്‌സ് ഹില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.