പ്രത്യാശയുടെ നിറവിൽ ലോകം മുഴുവൻ ഈസ്റ്റർ ആഘോഷിച്ചു

പ്രത്യാശയുടെ നിറവിൽ ലോകം മുഴുവൻ ഈസ്റ്റർ ആഘോഷിച്ചു

കൊച്ചി: ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്നലെ ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ഈസ്റ്റര്‍ ജാഗരണ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്. ഉയര്‍ത്തെഴുന്നേല്‍പ്​ പുതിയ ചരിത്രത്തിന്റെ പിറവിയും പ്രതീക്ഷയുടെ പുനര്‍ജന്മവുമാണ്. ഈസ്റ്റര്‍ നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹര ശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്​ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇന്ന് ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും.


എറണാകുളം സെന്റ്​ മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. 'രോഗികളേയും, ദരിദ്രരേയും, അഭയാര്‍ഥികളേയും സ്വീകരിച്ച്‌ ശുശ്രൂഷ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ലെന്നും' അദ്ദേഹം തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പട്ടം സെന്റ്​ മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. 'പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന്' യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.


ഉയിർത്തെഴുന്നേല്‍പിന്റെ ഓ‍ർമപുതുക്കി യുഎഇയിലും ക്രൈസ്തവ വിശ്വാസികളും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.

കോവിഡ് സാഹചര്യത്തില്‍ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമുളളതിനാല്‍ പ്രാർത്ഥനകള്‍ ഓണ്‍ലൈനായാണ് പല പളളികളിലും നടന്നത്.

അബുദാബി സെന്റ് ജോർജ്ജ് ഓ‍ർത്തഡോക്സ് കത്തീഡ്രലില്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓണ്‍ലൈനായി പ്രാർത്ഥന സന്ദേശം വിശ്വാസികളിലേക്ക് എത്തി. ഇടവക വികാരി ഫാ. ബെന്നി മാത്യുവാണ് മുഖ്യ കാർമികത്വം വഹിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേവാലയത്തിലും പ്രാർത്ഥന നടന്നു. മറ്റ് ദേവാലയങ്ങളിലും ഓണ്‍ലൈനായി നടന്ന പ്രാർത്ഥനകളില്‍ നിരവധി പേർ പങ്കെടുത്തു. മുസഫ സെന്റ് പോൾസ് ചർച്ചിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫാ. വർഗീസ് കോഴിപാടൻ നേതൃത്വം നൽകി. മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ഈസ്റ്റർ ശുശ്രൂഷകൾ ഫാ. മാത്യൂസ് ആലുംമൂട്ടിലിന്റെ കാർമികത്വത്തിൽ മുസഫ സെന്റ് പോൾസ് ദേവാലയത്തിൽ നടന്നു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ബിഷപ് ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ.ബിനീഷ് ബാബു, സഹ വികാരി ഫാ.സിബു തോമസ് എന്നിവർ സഹകാർമികരായിരുന്നു. 

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരി ഫിലിപ്പ്.എം.സാമുവൽ കോറെപ്പിസ്കോപ്പ മുഖ്യകാർമികനായി.ഫാ.ജോയ്സൺ തോമസ് സഹകാർമികനായി. അൽഐൻ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സിംഹാസന കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്കു ഇടവക വികാരി ഫാ. സെബി എൽദോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. നിതിൻ ഗീവർഗീസ് സഹകാർമികനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.