രാജാവിനെതിരേ അട്ടിമറി ഗൂഡാലോചന ആരോപിച്ച് ജോര്‍ദാന്‍ രാജകുമാരനെ വീട്ടുതടങ്കലാക്കി

രാജാവിനെതിരേ അട്ടിമറി ഗൂഡാലോചന ആരോപിച്ച് ജോര്‍ദാന്‍ രാജകുമാരനെ വീട്ടുതടങ്കലാക്കി

അമ്മാന്‍: രാജാവിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജോര്‍ദാന്‍ മുന്‍ കിരീടാവകാശി പ്രിന്‍സ് ഹംസ ബിന്‍ ഹുസൈന്‍ വീട്ടുതടങ്കലില്‍. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി.ബി.സിക്ക് അയച്ച വീഡിയോയില്‍ ജോര്‍ദാനിലെ അബ്ദുല്ല രാജാവിന്റെ അര്‍ധസഹോദരനായ പ്രിന്‍സ് ഹംസ ബിന്‍ ഹുസൈന്‍, തന്നെ അഴിമതി, കഴിവില്ലായ്മ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വീട്ടുതടങ്കലിലാക്കിയതായി പറയുന്നു.

ശനിയാഴ്ച റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍, അമ്മാനിലുള്ള കൊട്ടാരത്തിനു പുറത്തുപോകാനോ ആളുകളുമായി ആശയവിനിമയം നടത്താനോ അനുവാദമില്ലെന്ന് സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് മേധാവി തന്നോട് പറഞ്ഞതായി രാജകുമാരന്‍ പറഞ്ഞു.

ഭരണത്തലപ്പത്തുള്ള മുതിര്‍ന്ന അര്‍ധ സഹോദരന്‍ അബ്ദുല്ല രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണു ഹംസയ്‌ക്കെതിരായ ആരോപണം. അട്ടിമറി ഗൂഡാലോചനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി ഉന്നത നേതാക്കളെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഹംസ രാജകുമാരന്‍ വീട്ടുതടങ്കലിലാണെന്നത് സൈന്യം ആദ്യം നിഷേധിച്ചിരുന്നു. ജോര്‍ദാന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് രാജകുമാരനോട് ഉത്തരവിട്ടിരുന്നതായി സൈന്യം അറിയിച്ചു.

തന്നെ പിന്തുണയ്ക്കുന്ന ഗോത്ര നേതാക്കളെ രാജകുമാരന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സൈന്യത്തിന്റെ ഈ നീക്കം. താന്‍ തെറ്റും ചെയ്തിട്ടില്ലെന്നും ഒരു ഗൂഡാലോചനയുടെയും ഭാഗമായിട്ടില്ലെന്നും ഹംസ രാജകുമാരന്‍ പറഞ്ഞു. സര്‍ക്കാരിനും രാജാവിനും എതിരായി വിമര്‍ശനം ഉന്നയിക്കുന്നതാണു നടപടിക്കു കാരണമെന്നും ഹംസ വിശദീകരിച്ചു. 2004ല്‍ അബ്ദുല്ല അധികാരം ഏറ്റെടുത്തതോടെയാണു ഹംസയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

ഈജിപ്തും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ശക്തികള്‍ അബ്ദുല്ല രാജാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എസിനെതിരായ (ഇസ്ലാമിക് സ്റ്റേറ്റ്) നടപടികളില്‍ ജോര്‍ദാനുമായി സഖ്യമുള്ള അമേരിക്കയും രാജാവിനെ പിന്തുണയ്ക്കുന്നുണ്ട്.
കോവിഡ് ജോര്‍ദാന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അയല്‍രാജ്യമായ സിറിയയില്‍ ആഭ്യന്തരയുദ്ധം മുലമുള്ള അഭയാര്‍ഥികളുടെ ഒഴുക്കും ജോര്‍ദാനെ വലയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.