വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം; 'ഉറപ്പാണോ എല്‍ഡിഎഫ്'? 'നാട് നന്നാവാന്‍ യുഡിഎഫ് വരുമോ'?.. നെഞ്ചിടിപ്പോടെ മുന്നണികള്‍

വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം; 'ഉറപ്പാണോ എല്‍ഡിഎഫ്'? 'നാട് നന്നാവാന്‍ യുഡിഎഫ് വരുമോ'?.. നെഞ്ചിടിപ്പോടെ മുന്നണികള്‍


കൊച്ചി:  ജനകീയ വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസം നീണ്ട വാശിയേറിയ പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

ജനക്ഷേമ പദ്ധതികള്‍ക്കും വികസന തുടര്‍ച്ചക്കും വോട്ട് തേടുന്ന ഭരണ മുന്നണിയും അഴിമതി ആരോപണങ്ങള്‍ മുതല്‍ ഇരട്ടവോട്ട് വരെയുളള വിവാദ വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷ മുന്നണികളും പ്രചാരണം കൊഴുപ്പിച്ച തിരഞ്ഞെടുപ്പില്‍ നാളെ കേരളം വിധിയെഴുതും.

തുടര്‍ ഭരണത്തിന് വോട്ട് തേടുന്ന എല്‍ഡിഎഫിനും സിപിഎമ്മിനും രാജ്യത്താകെയുളള നിലനില്‍പ്പിന്റെ കളം കൂടിയാവുകയാണ് കേരള രാഷ്ട്രീയം. ഭരണമാറ്റമെന്ന ചരിത്രം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കില്‍ യുഡിഎഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് ചെറുതല്ലാത്ത ക്ഷീണമാകും തിരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുക. കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമം ബിജെപിയും നടത്തുന്നു.

കൊവിഡ് സാഹചര്യത്തില്‍ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്‍മാരും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പലയിടത്തും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉളളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

കോവിഡ് സുരക്ഷാ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ക്രമീകരിച്ചിട്ടുളളത്. പോളിംഗ് ഡ്യൂട്ടിയിലുളളവര്‍ക്ക് പുറമെ 80 വയസ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍,കോവിഡ് ബാധിതര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളവര്‍ എന്നിവര്‍ക്കെല്ലാം പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിച്ച് വോട്ടിടാനുളള അവസരം ഒരുക്കിയിരുന്നു.

വോട്ടെടുപ്പ് ഡ്യൂട്ടിയിലുളള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കും ഇത്തവണ തപാല്‍ വോട്ടിന് അവസരം കിട്ടി. കാഴ്ചയില്ലാത്തവര്‍ക്കുളള ബാലറ്റ് സൗകര്യവും ഇത്തവണ ബൂത്തുകളില്‍ സജ്ജമാണ്. മാവോയിസ്റ്റ് ഭീഷണി ഉളളതായി കണ്ടെത്തിയ ഒമ്പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറ് മണി വരെ മാത്രമായിരിക്കും പോളിംഗ് നടക്കുക. മാനന്തവാടി , സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് ആറിന് പോളിംഗ് സമാപിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.