ഓസ്‌ട്രേലിയയില്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടില്‍ തീപിടിത്തം: എട്ടു പേര്‍ക്കു പൊള്ളലേറ്റു

ഓസ്‌ട്രേലിയയില്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടില്‍ തീപിടിത്തം: എട്ടു പേര്‍ക്കു പൊള്ളലേറ്റു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബ്രൂക്‌ലിനില്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ക്കു പൊള്ളലേറ്റു. അറുപതു ശതമാനത്തിലധികം പൊള്ളലേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം 5:10-ന് ന്യൂ സൗത്ത് വെയില്‍സില്‍ സിഡ്‌നിക്കു വടക്ക് ബോട്ടുകള്‍ അടുപ്പിക്കുന്ന ഹോക്‌സ്ബറി നദീതീരത്താണു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടിത്തമുണ്ടാകുമ്പോള്‍ ബോട്ടില്‍ യാത്രക്കാരുണ്ടായിരുന്നു. ബോട്ട് വാര്‍ഫില്‍ ഇന്ധനം നിറയ്ക്കുമ്പോഴാണ് വലിയ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടന്‍ പ്രദേശവാസികള്‍ ഇന്ധന ടാങ്കിനു സമീപത്തുനിന്ന് ബോട്ട് നീക്കിയത് വന്‍ അപകടം ഒഴിവാക്കി. നിരവധി ബോട്ടുകള്‍ സമീപത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പരുക്കേറ്റവരെ കോണ്‍കോര്‍ഡ് റോയല്‍ നോര്‍ത്ത് ഷോര്‍, വെസ്റ്റ്മീഡ് ആശുപത്രിയിലേക്കും കൊണ്ടുപോയതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് മോറിസ് പറഞ്ഞു. 15 വര്‍ഷത്തെ കരിയറില്‍ താന്‍ കണ്ട ഏറ്റവും മോശമായ സംഭവങ്ങളിലൊന്നാണിതെന്ന് ഡേവിഡ് മോറിസ് പറഞ്ഞു. ഭാഗ്യവശാല്‍ ഞങ്ങളെ സഹായിക്കാന്‍ പ്രദേശവാസികളും മറ്റെല്ലാ അടിയന്തര സേവനങ്ങളും ഇവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോട്ടിന് തീപിടിച്ചപ്പോള്‍ യാത്രക്കാര്‍ ചാടിയിറങ്ങുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. സ്‌ഫോടനമുണ്ടാകുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന അമ്മയും രണ്ട് വയസുള്ള കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് സാക്ഷികള്‍ പറഞ്ഞു. ബോട്ടിനു മുന്‍ഭാഗത്തുണ്ടായിരുന്ന അവര്‍ ചാടിയിറങ്ങുകയായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ഡേവിഡ് മോറിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.