ഗലീലിയിലേക്കു തിരിച്ചുപോവുകയെന്നാല്‍ പരാജയങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നാണ്: ഫ്രാന്‍സിസ് പാപ്പാ

ഗലീലിയിലേക്കു തിരിച്ചുപോവുകയെന്നാല്‍ പരാജയങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പകര്‍ച്ചവ്യാധിയും മറ്റ് രോഗങ്ങളുമായി മനുഷ്യരാശി അന്ധകാരത്തിലൂടെ കടന്നുപോകുന്ന വേളയില്‍ 'ഭയപ്പെടേണ്ടതില്ലെന്നും നിങ്ങള്‍ ഗലീലിയയിലേക്കു ചെല്ലുകയെന്നുമുള്ള' മാലാഖയുടെ സന്ദേശം ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനത്തില്‍ ഹൃദയത്തില്‍ ഏറ്റെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശനിയാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഈസ്റ്റര്‍ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്തു നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു, എല്ലായ്‌പ്പോഴും നമ്മെ പുതുതായി ആരംഭിക്കാന്‍ സഹായിക്കുന്നു. ഈസ്റ്റര്‍ നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍നിന്ന് മനോഹര സൃഷ്ടികളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും് കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു.

ഉയര്‍ത്തെഴുന്നേല്‍പ് പുതിയ ചരിത്രത്തിന്റെ പിറവിയും പ്രതീക്ഷയുടെ പുനര്‍ജന്മവുമാണ്. യേശുവിനെ അടക്കം ചെയ്ത കല്ലറയ്ക്കരികിലിരുന്ന് കരഞ്ഞ സ്ത്രീയോട് മാലാഖ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കാം. ഭയപ്പെടേണ്ട എന്ന മാലാഖയുടെ വാക്കുകള്‍ കേട്ട് സ്ത്രീ അത്ഭുതപ്പെട്ടു. നിങ്ങള്‍ അന്വേഷിക്കുന്ന ക്രൂശിക്കപ്പെട്ട നസ്രയനായ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടിരിക്കുന്നു. അവന്‍ നിങ്ങള്‍ക്കു മുന്നിലായി ഗലീലിയിലേക്കു പോയി; അവിടെ നിങ്ങള്‍ അവനെ കാണും.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ഒന്‍പതാം ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ഗലീയയിലേക്കു പോകുക എന്നതിന്റെ അര്‍ഥം പുതുതായി ആരംഭിക്കുക എന്നാണെന്നു വിശദീകരിച്ചു. ഗലീലിയിലേക്ക് മടങ്ങിവരുക എന്നാല്‍ പരാജയങ്ങളിലും പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് എല്ലായ്‌പ്പോഴും സാധ്യമാണെന്നാണ്. പകര്‍ച്ചവ്യാധിയുടെ ഈ ഇരുണ്ട കാലങ്ങളില്‍, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കേള്‍ക്കാന്‍ നാം തയാറാവണം. നമ്മെ നവീകരിക്കാന്‍ അവന്‍ ക്ഷണിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നു മാര്‍പ്പാപ്പ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ശിഷ്യന്മാരെ കര്‍ത്താവ് ആദ്യമായി കണ്ടുമുട്ടിയതും അവരുടെ സ്‌നേഹം ആരംഭിച്ചതും ഗലീലി എന്ന സ്ഥലത്തായിരുന്നു. ഇവിടെയാണ് അവന്‍ ആദ്യമായി പ്രസംഗിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്. അവന്റെ വാക്കുകള്‍ ശിഷ്യന്മാര്‍ തെറ്റിദ്ധരിച്ചതും കുരിശിന്റെ മുന്നില്‍ അവനെ ഉപേക്ഷിച്ച് ഓടിപ്പോയതും അവിടെയായിരുന്നു. ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവ് അവര്‍ക്കു മുന്‍പേ ഗലീലിയില്‍ ചെന്ന് അവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമെന്ന് ഉറപ്പുനല്‍കുകയും അവരുടെ കണ്ണുനീര്‍ വറ്റി ഭയം പ്രത്യാശയ്ക്ക് വഴിമാറുകയും ചെയ്തു. വീണ്ടുമൊരു തുടക്കത്തിനായി കര്‍ത്താവ് ക്ഷണിക്കുന്നു. ഈ ഗലീലിയില്‍, കര്‍ത്താവിന്റെ അനന്തമായ സ്‌നേഹത്തെ നാം തിരിച്ചറിയുന്നു, അത് നമ്മുടെ തോല്‍വികളില്‍ പ്രതീക്ഷയുടെ പുതിയ പാതകള്‍ തുറക്കുന്നു.

ഗലീലിയിലേക്കു പോകുക എന്നതിന് കല്ലറയില്‍നിന്ന് മാറിനടന്ന് പുതിയ പാതകളിലേക്കു പോകുക എന്നും അര്‍ഥമാക്കുന്നു. ശീലങ്ങളില്‍നിന്നും ഭൂതകാലത്തില്‍നിന്നും കുട്ടിക്കാലത്തെ മനോഹരമായ ഓര്‍മ്മകള്‍ നിന്നുമാണ് അനേകരുടെ വിശ്വാസം നിര്‍മിക്കപ്പെട്ടത്. എന്നാല്‍ ആ വിശ്വാസങ്ങള്‍ പിന്നീട് നവീകരിക്കപ്പെടുന്നില്ല. ഗലീലിയിലേക്ക് പോകുക എന്നാല്‍ യഥാര്‍ഥ വിശ്വാത്തിലേക്ക് തിരിച്ചെത്തുക എന്നാണ്. ദൈവത്തിന്റെ വഴികളില്‍ നവീകരിക്കപ്പെടാന്‍ താഴ്മയോടെ നമ്മെ അനുവദിക്കണം.

ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ഭൂതകാല അനുഭവങ്ങളുടെ ബാക്കിയാവരുത്. യേശു കാലഹരണപ്പെട്ടവനല്ല. ഓരോ ദിവസവും അവന്‍ നിങ്ങളുടെ അരികിലൂടെ നടക്കുന്നു. ഓരോ പരീക്ഷണത്തിലും എല്ലാം നഷ്ടപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ നിങ്ങളുടെ പ്രതീക്ഷകളിലും സ്വപ്നങ്ങളിലും യേശു വരുത്തുന്ന പുതുമയെക്കുറിച്ച് നിങ്ങള്‍ ആശ്ചര്യഭരിതരാകും: അവന്‍ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും-മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.