കെ.മുരളീധരന്റെ വാഹനത്തിനു നേരെ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം; പൊലീസ് കേസെടുത്തു

കെ.മുരളീധരന്റെ വാഹനത്തിനു നേരെ ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വാഹനത്തിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്നിന് വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം.

അക്രമം തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റു. ഇദ്ദേഹത്തെ നേമം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് ബിജെപി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് മുരളീധരന്റെ വാഹനത്തിനു പോകാന്‍ സൗകര്യം ഒരുക്കിയത്.

പൊലീസിനു നേരെയും ബിജെപിക്കാരുടെ കയ്യേറ്റമുണ്ടായി. തുടര്‍ന്നു നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏതാനും കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. കെ.മുരളീധരന്റെ ഡ്രൈവര്‍ക്കും പരുക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി.

സ്റ്റുഡിയോ റോഡില്‍ വോട്ടര്‍മാരെ കാണാനെത്തിയ കെ.മുരളീധരന്‍ സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അവസാനവട്ടം വോട്ട് ഉറപ്പിക്കാനും ബൂത്ത് ക്രമീകരണം വിലയിരുത്താനുമായി മറ്റു നേതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു മുരളീധരന്‍.

വെള്ളായണി ഭാഗത്തെ സന്ദര്‍ശനം കഴിഞ്ഞ് നേമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രദേശത്തെ മുപ്പതോളം ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി പ്രതിഷേധിച്ചത്.

വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാര്‍ഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുരളീധരനും ഒപ്പമുള്ളവരും കാറില്‍ കയറിയപ്പോഴാണ് വാഹനം ആക്രമിച്ചത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്‌ളാഗ് റോഡ് ഒടിക്കുകയും ചെയ്തു. തുടര്‍ന്നാണ് കല്ലേറുണ്ടായത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി നേമം പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.