പശ്ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ്: പലയിടത്തും അക്രമം; വനിതാ സ്ഥാനാര്‍ഥിക്കു നേരേ ആക്രമണം

പശ്ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ്: പലയിടത്തും അക്രമം; വനിതാ സ്ഥാനാര്‍ഥിക്കു നേരേ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കനത്ത സുരക്ഷയില്‍ 31 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രാവിലെ അറംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിക്കു നേരേ ഇഷ്ടികയ്ക്ക് ഏറ് കിട്ടി. ബി.ജെ.പി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുജാത മണ്ഡല്‍ പറഞ്ഞു. സ്ഥാനാര്‍ഥി വയലിലൂടെ ഓടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ജയ് ശ്രീറാം വിളിക്കുന്നതും കേള്‍ക്കാം.

സംഭവത്തില്‍ ടി.എം.സി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. താന്‍ അരാന്‍ഡിയിലെ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നുവെന്നും ഇവിടെയുള്ള ന്യൂനപക്ഷ വിഭാഗം മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരാണെന്നും വനിതാ വോട്ടര്‍മാരെ ബി.ജെ.പിയുടെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചതായും സുജാത ആരോപിച്ചു. സുജാതയ്ക്ക് ഒപ്പമുണ്ടായിരുന്ന ഓഫീസര്‍ക്ക് കല്ലേറില്‍ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളുടെ അമ്മയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ബി.ജെ.പി ആരോപിച്ചു. ടിഎംസി പ്രവര്‍ത്തകന്‍ സുനില്‍ റോയ് ഹൂഗ്ലിയില്‍ ആക്രമണത്തില്‍ മരിച്ചതായി സൂചനയുണ്ട്.

അഞ്ചു മണിവരെയുള്ള കണക്കനുസരിച്ച് ഹൂഗ്ലിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്-79.29 ശതമാനം. ഹൗറയില്‍ 77.85 ശതമാനവും ദക്ഷിണ 24 പര്‍ഗാനാസില്‍ 74.18 ശതമാനവും ആളുകള്‍ വോട്ട് രേഖപ്പെടുത്തി. മൂന്ന് ജില്ലകളിലായി 31 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നിരവധി പ്രമുഖ നേതാക്കളാണ് ഈ ജില്ലകളില്‍നിന്നു ജനവിധി തേടുന്നത്.

നിയമസഭാ സ്പീക്കര്‍ ബിമല്‍ ബദ്ധോപാധ്യാ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ കാന്തി ഗാംഗുലി, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രതീക് ഉര്‍ റഹ്‌മാന്‍, മന്ത്രി നിര്‍മല്‍ മാജി, ബി.ജെ.പി മുന്‍ രാജ്യസഭാംഗം സ്വപന്‍ ദാസ്ഗുപ്ത, കോണ്‍ഗ്രസ് നേതാവ് അമിത് മിത്ര എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

ദേശീയ തലത്തില്‍ ശ്രദ്ധേയമായ പശ്ചിമ ബംഗാളില്‍ ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പിക്കെതിരേ ശക്തമായ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നടത്തുന്നത്.

അതേസമയം ബംഗാളില്‍ ഇന്നു നടത്തിയ തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തിരിച്ചടിച്ചു. മുസ്ലീം വോട്ടുകളും കൈയ്യില്‍ നിന്ന് പോകുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പറയേണ്ടി വന്നതെന്നു നരേന്ദ്രമോഡി പറഞ്ഞു. ആളുകള്‍ കാശ് വാങ്ങി വോട്ട് ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ച മമതക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും മോഡി പറഞ്ഞു.