അസാമിൽ അവസാനഘട്ട പോളിംഗ് അവസാനിച്ചു; 82 ശതമാനം രേഖപ്പെടുത്തി

അസാമിൽ അവസാനഘട്ട പോളിംഗ് അവസാനിച്ചു;  82 ശതമാനം രേഖപ്പെടുത്തി

ഗുവാഹത്തി: അസാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം അവസാനിച്ചു. 82.33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 40 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.

ബോഡോലാൻഡ് മേഖലയിലെ എൻ‌ഡി‌എ ആധിപത്യത്തിൽ വരുമെന്ന് ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിലെ പ്രമോദ് ബോറോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.  അവസാനഘട്ട പോളിംഗ് നടക്കുന്ന 40 സീറ്റുകളിൽ എട്ട് എണ്ണം ബോഡോലാൻഡ് മേഖലയിലാണ്. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിലെ എട്ട് സീറ്റുകളിലും വിജയിക്കുമെന്ന് പ്രമോദ് ബോറോ പറഞ്ഞു. ഇത്തവണ 90 സീറ്റുകളെങ്കിലും പ്രതീക്ഷിക്കുന്നു എന്ന് അസാം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ശർമ്മ ബിശ്വാസ് വ്യക്തമാക്കി.

ഭരണകക്ഷിയായ ബിജെപി രണ്ടാമതും പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് 24 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ബദ്രുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് 12, ബി.പി.എഫ് എട്ട്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍. ചില സീറ്റുകളില്‍ സഖ്യകക്ഷികള്‍ ഓരോരുത്തരും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും മത്സരിക്കുന്നുണ്ട്.

ബിജെപി 20 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികളായ എജിപി, യുപിപിഎല്‍ എന്നിവര്‍ യഥാക്രമം 13 ഉം എട്ട് ഉം മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്. 2016 ല്‍ ബിജെപി - എജിപി സഖ്യം 15 സീറ്റുകള്‍ നേടി. അന്ന് സഖ്യകക്ഷിയായിരുന്ന ബിപിഎഫ് എട്ട് നേടി. കോണ്‍ഗ്രസ് 11 ഉം എ.യു.യു.ഡി.എഫ് ആറും സീറ്റുകളാണ് നേടിയിരുന്നത്.

മാർച്ച് 27നാണ് ഒന്നാംഘട്ടം (47 സീറ്റ്) വോട്ടെടുപ്പ് നടന്നത്. ഈ മാസം ഒന്നിന് രണ്ടാംഘട്ടവും (39) വോട്ടെടുപ്പു കഴിഞ്ഞു. ബാക്കി 40 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 76.9 ശതമാനവും രണ്ടാം ഘട്ടത്തിൽ 80.96 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി.

അതേസമയം അസാമിൽ അവസാനഘട്ട വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നുവെന്നും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും പോലീസ് പറഞ്ഞു. സംസ്ഥാന പോലീസും കേന്ദ്രസേനയും ചേർന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.