തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച് 74.05 ശതമാനംപോളിംഗ് രേഖപ്പെടുത്തി. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 77.9 ശതമാനം. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതാമനം ആണ് പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.
കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്. സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിംഗ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ചെറിയ അക്രമ സംഭവങ്ങള്‍ അരങ്ങേറി. കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് സിപിഎം ആരോപിച്ചു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകര്‍ത്തു.
ഇവിടെ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബിജെപി പരാതി നല്‍കിയിരുന്നു. രാവിലെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.
കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്‌ളക്‌സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയില്‍ എടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് വോട്ട് ചെയ്യാനെത്തിയ അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ അസഭ്യ വര്‍ഷം നടത്തി. ഷാജി മീന്‍കുന്ന് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. കെ.എം ഷാജിയാണ് ആദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. വൈകിട്ട് നാലരയ്ക്കാണ് സംഭവം. താന്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഷാജി പറഞ്ഞു.
ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി കുണ്ടറ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെ.മേഴ്‌സിക്കുട്ടിയമ്മ രാവിലെ തന്നെ രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി കൂടിയായ ഷിജു വര്‍ഗീസാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും ഇന്നോവ കാറില്‍ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. ഇയാളുടെ കാറില്‍ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താന്‍ ശ്രമിച്ചുവെന്നും ആരാണ് പിന്നിലെന്ന് അറിയില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. തന്റെ കാറില്‍ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ താന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന രീതിയില്‍ നടത്തിയ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഷിജു വര്‍ഗീസ് ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ മടക്കര കാരിയില്‍ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി ജോസഫിന്റെ വാഹനത്തിന്റെ ചില്ല് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് പരാതി. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ബൂത്ത് ഏജന്റുമാരെ മോചിപ്പിക്കാന്‍ പോയ സമയത്താണ് ആക്രമണമെന്ന് ജോസഫ് പറഞ്ഞു.
തളിപറമ്പ് മണ്ഡലത്തിലെ 117 നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ മാസ്‌ക് മാറ്റി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദ് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. ബൂത്തില്‍ നിന്ന് പോകാന്‍ സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് ചോദ്യം ചെയ്തു. ഇതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
കൂത്തുപറമ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായി. കള്ളവോട്ട് ചെയ്യുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ പിടിയിലാവുകയായിരുന്നു. പൊലീസെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പല പോളിംഗ് ബൂത്തുകളിലും കള്ള വോട്ട് ചെയ്യാനുള്ള വ്യാപക ശ്രമം നടന്നിരുന്നു.
ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയും ഉയര്‍ന്നു. ബൂത്ത് സന്ദര്‍ശനത്തിനിടെ ആറാട്ടുപുഴയില്‍ വെച്ചാണ് അതിക്രമം നടന്നത്. കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആറന്മുള മണ്ഡലത്തില്‍ 233 ബൂത്തില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി.
പോളിംഗ് ബൂത്തിന് മുന്നില്‍ സിപിഎം ഏജന്റ് എല്‍ഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്കെത്തുകയും ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.
ആലപ്പുഴ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മിലടിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി.എ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതര്‍ക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു.
ഒടുവില്‍ പലയിടത്തു നിന്നും കൂടുതല്‍ പ്രവര്‍ത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. ആദ്യം സംഘര്‍ഷം ഉണ്ടായതറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു.
നടന്‍ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ രശ്മിയാണ് ബൂത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറുന്നുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ എടുക്കുന്നതിലായിരുന്നു ഇവരുടെ പ്രതിഷേധം. മറ്റ് വോട്ടര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇരുവരുടെയും പരാതി.
ഇടുക്കിയിലേറ്റവും കൂടുതല്‍ ഇരട്ടവോട്ട് ആരോപണം ഉയര്‍ന്ന സ്ഥലമാണ് ഉടുമ്പന്‍ചോല. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 15 അംഗ സംഘം ബോലോറോ ജീപ്പില്‍ ഇവിടെ എത്തിയതും ഇവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതും. തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരില്‍ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
സംഘത്തെ തടഞ്ഞതിന്റെയും പരിശോധിക്കുന്നതിന്റെയും വീഡിയോ ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതോടെ ഇവിടേക്ക് കൂടുതല്‍ പൊലീസെത്തി എല്ലാവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടുമ്പന്‍ചോലയിലെ ഒരു മരണവീട്ടിലേക്ക് വന്നതാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സംഘത്തിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.