നൈജീരിയയില്‍ തോക്കുധാരികള്‍ ജയില്‍ ആക്രമിച്ച് 1,844 തടവുകാരെ രക്ഷപ്പെടുത്തി; നിരവധി കൊടും ക്രിമിനലുകള്‍ ജയില്‍ ചാടി

നൈജീരിയയില്‍ തോക്കുധാരികള്‍ ജയില്‍ ആക്രമിച്ച് 1,844 തടവുകാരെ രക്ഷപ്പെടുത്തി; നിരവധി കൊടും ക്രിമിനലുകള്‍ ജയില്‍ ചാടി

അബൂജ: നൈജീരിയയിലെ തെക്കു കിഴക്കന്‍ പട്ടണമായ ഒാവെരിയില്‍ തോക്കുധാരികള്‍ ജയില്‍ ആക്രമിച്ച് 1,844 തടവുകാരെ രക്ഷപ്പെടുത്തി. മെഷീന്‍ ഗണ്ണും ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും ഉപയോഗിച്ചാണ് അക്രമികള്‍ ജയില്‍ ആക്രമിച്ചത്.

പ്രദേശത്തെ മറ്റു സൈനിക പോലിസ് കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ നിരോധിത വിഘടനവാദ ഗ്രൂപ്പായ ഇന്‍ഡിജെനസ് പീപ്പിള്‍ ഓഫ് ബിയാഫ്ര (ഐപിഒബി)യും അവരുടെ സായുധ ഗ്രൂപ്പായ ഈസ്റ്റേണ്‍ സെക്യൂരിറ്റി നെറ്റ്വര്‍ക്കുമാണെന്ന് നൈജീരിയന്‍ പോലിസ് പറഞ്ഞു.

പോലിസ്, സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വരെ ആക്രമണമുണ്ടായതിനാല്‍ ചെറുത്തുനില്‍പോ പ്രത്യാക്രമണമോ ഉണ്ടായില്ല. ആക്രമണം രണ്ടുമണിക്കൂറിലധികം നീണ്ടു. രാജ്യം ഭയക്കുന്ന ക്രിമിനലുകള്‍വരെ ജയില്‍ ചാടി. രക്ഷപ്പെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ജയില്‍ വിഭാഗം വക്താവ് ഫ്രാന്‍സിസ് എനോബോര്‍ പറഞ്ഞു. അക്രമികള്‍ അഗ്‌നിക്കിരയാക്കിയ വാഹനങ്ങള്‍ നൈജീരിയയിലെ ഓവെരിയിലെ പോലിസ് കമാന്‍ഡ് ആസ്ഥാനത്തിന് പുറത്തുകിടക്കുന്ന ദൃശ്യങ്ങളും വന്നിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 2:15 നാണ് ആക്രമണം നടന്നതെന്ന് നൈജീരിയന്‍ കറക്ഷണല്‍ സര്‍വീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ജയിലിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് അക്രമികള്‍ ജയിലിനകത്ത് പ്രവേശിച്ചതായും പോലിസ് പറഞ്ഞു. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പ്രദേശത്തിന് സ്വാതന്ത്ര്യം വേണമെന്നാണ് ഐപിഒബിയുടെ ആവശ്യം. 1967-70 കാലഘട്ടത്തില്‍ നൈജീരിയന്‍ സര്‍ക്കാരും ബിയാഫ്രയിലെ വിഘടനവാദികളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ ഒരു ദശലക്ഷം ആളുകളാണ് മരിച്ചത്.

ഈസ്റ്റേണ്‍ സെക്യൂരിറ്റി നെറ്റ്വര്‍ക്ക് (ഇഎസ്എന്‍) എന്നറിയപ്പെടുന്ന ഐപിഒബിയുടെ അര്‍ധസൈനിക വിഭാഗം സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തെക്ക് കിഴക്കന്‍ നൈജീരിയയില്‍ ജനുവരി മുതല്‍ നിരവധി പോലിസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഇതുവരെയായും ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.