പെര്‍ത്ത്: കഞ്ചാവ് നിയമവിധേയമാക്കണം എന്ന ആവശ്യം ഉയത്തുന്ന ലീഗലൈസ് കാനബിസ് പാര്‍ട്ടിക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ വിജയം. ഉപരി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് ലീഗലൈസ് കാനബിസ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പാര്‍ട്ടി രണ്ട് സീറ്റിലും ഡേലൈറ്റ് സേവിംഗ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചത്. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടിയെ മറികടന്ന് കഞ്ചാവിന്റെ ഉപയോഗം പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിക്ക് ഉപരി സഭയില്‍ പ്രാതിനിധ്യം ലഭിച്ചത് ഓസ്‌ട്രേലിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
പ്രിഫറന്‍ഷ്യല്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം മറ്റ് ചെറുപാര്‍ട്ടികളായ ഹെല്‍ത്ത് ഓസ്ട്രേലിയ, നോ മാന്‍ഡേറ്ററി വാക്‌സിനേഷന്‍, ഗ്രീന്‍സ്(ഡബ്‌ള്യൂ.എ), അനിമല്‍ ജസ്റ്റിസ് എന്നിവ ഒരുമിച്ച് പിന്തുണച്ചതാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടിക്ക് പാര്‍ലമെന്റിലേക്കുള്ള വഴി തുറന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് ലേബര്‍ പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്-8,68,374. ലിബറല്‍ പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത് 254,380 വോട്ടുകള്‍. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടിക്ക് 28,051 വോട്ടും ലീഗലൈസ് കാനബിസ് പാര്‍ട്ടിക്ക് 28,473 വോട്ടുമാണ് ലഭിച്ചത്.
മേരിക്ക ഗ്രീന്‍വാള്‍ഡ്
കാനബിസ് പാര്‍ട്ടി നേടിയ വിജയം നിര്‍ഭാഗ്യകരമാണെന്നു ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടി വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്റ്റേറ്റ് ഡയറക്ടര്‍ മേരിക്ക ഗ്രീന്‍വാള്‍ഡ് പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയുടെ തീരുമാനമാണ് നിരാശാജനകം. അവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടി തിരഞ്ഞെടുക്കപ്പെടുമായിരുന്നു. ചില മേഖലകളില്‍ വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ സങ്കടകരമായ കാര്യം കൈസ്തവരുടെ മൂല്യങ്ങളേക്കാള്‍ ലേബര്‍ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത് പുകവലിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കാണ്. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥ-മേരിക്ക ഗ്രീന്‍വാള്‍ഡ് പറഞ്ഞു.
ഈസ്റ്റ് മെട്രോപൊളിറ്റന്‍ മേഖലയില്‍നിന്നാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ബയാന്‍ വാക്കര്‍ വിജയിച്ചത്. പെര്‍ത്തിനു സമീപം സെര്‍പന്റൈനില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഡോ. വാക്കറിന് 9,200 പ്രഥമ മുന്‍ഗണന വോട്ടുകളാണ് ലഭിച്ചത്. ഡേ ലൈറ്റ് സേവിംഗ് പാര്‍ട്ടിയുടെ വില്‍സണ്‍ ടക്കര്‍ മൈനിംഗ് ആന്‍ഡ് പാസ്റ്ററല്‍ മേഖലയില്‍നിന്നു 98 പ്രാഥമിക വോട്ടുകള്‍ നേടി ഉപരി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ സോഫിയ മൂര്‍മോണ്ട് ആണ് രണ്ടു ശതമാനം വോട്ടുകള്‍ക്ക് തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് ആദ്യജയം ഉറപ്പിച്ചത്.
ലേബര്‍ പാര്‍ട്ടിക്ക് ഉപരി സഭയില്‍ 22 സീറ്റ് നേടാനായപ്പോള്‍ ഗ്രീന്‍സ് പാര്‍ട്ടി(ഡബ്‌ള്യൂ.എ)ക്ക് ഒരു സീറ്റ് മാത്രമാണു ലഭിച്ചത്. മുന്‍ ഫ്രീമാന്റല്‍ മേയര്‍ ബ്രാഡ് പെറ്റിറ്റാണ് ഗ്രീന്‍സിന്റെ പ്രതിനിധിയായി സഭയിലെത്തുന്നത്. പെറ്റിറ്റിന് 25,660 പ്രഥമ മുന്‍ഗണനാ വോട്ടുകള്‍ ലഭിച്ചു. മുന്‍ പാര്‍ട്ടി നേതാവ് അലിസണ്‍ ക്‌സാമോണ്‍ ഉള്‍പ്പെടെ 2017 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച നാല് ഗ്രീന്‍സ് അംഗങ്ങളും ഇക്കുറി പരാജയപ്പെട്ടു. ലിബറല്‍ പാര്‍ട്ടിക്ക് ഏഴ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകള്‍ കുറവ്.
കഴിഞ്ഞ വര്‍ഷമാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. കഞ്ചാവ് നിയമവിധേയമാക്കണം എന്ന് ആവശ്യം ഉയര്‍ത്തുന്ന പാര്‍ട്ടി ഇതിനകം പാര്‍ലമെന്റിലെ ഉപരിസഭയിലേക്കു രണ്ടു സീറ്റുകള്‍ നേടി വിജയിച്ചത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രിഫറന്‍ഷ്യല്‍ വോട്ടിംഗ് സംവിധാനത്തിന്റെ പാളിച്ചകള്‍ മൂലമാണ് ഇതുപോലെയുള്ള സാമൂഹിക വിപത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ സ്ഥാനം ലഭിക്കാന്‍ കാരണമാകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ക്രൈസ്തവ ജനവിഭാഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് വിക്‌ടോറിയ സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കിയത് അടുത്തിടെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.