ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും മരണം 160 ആയി

ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും മരണം 160 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പല ദ്വീപുകളിലും നാലു ദിവസമായി തുടരുന്ന ചുഴലിക്കാറ്റിലും കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 ആയി ഉയര്‍ന്നു. ഇന്തോനേഷ്യയിലെയും അയല്‍ രാജ്യമായ കിഴക്കന്‍ ടിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. മുപ്പതിനായിരത്തില്‍ അധികം പേരെ ദുരന്തം ബാധിച്ചതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രളയക്കെടുതിയില്‍ കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി.സരോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ ദുരിതത്തിലാക്കിയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. വീടുകള്‍ തകര്‍ന്ന് മണ്‍കൂനകളായതും മരങ്ങള്‍ നിലംപറ്റിയതും രക്ഷാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. 70 പേരെ കാണാതായി. തിരമാലകള്‍ ആറടി വരെ ഉയര്‍ന്നതിനാല്‍ കപ്പലുകളും ബോട്ടുകളും തകര്‍ന്നു. അതിനിടെ സരോജയുടെ താണ്ഡവം ഒന്‍പതു വരെ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

ഇന്തോനേഷ്യയില്‍ ജനസംഖ്യയുടെ പകുതി വരുന്ന 125 ദശലക്ഷം ആളുകള്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് ദുരന്ത നിവാരണ ഏജന്‍സി കണക്കാക്കുന്നു. വനനശീകരണം മൂലമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.