മകന്റെ വധുവായെത്തിയത് സ്വന്തം മകള്‍!! സിനിമാക്കഥകളേയും വെല്ലുന്ന സസ്‌പെന്‍സ് ത്രില്ലറായി ചൈനയിലൊരു വിവാഹം

മകന്റെ വധുവായെത്തിയത് സ്വന്തം മകള്‍!! സിനിമാക്കഥകളേയും വെല്ലുന്ന സസ്‌പെന്‍സ് ത്രില്ലറായി ചൈനയിലൊരു വിവാഹം

ജിയാങ്‌സൂ: വിവാഹവുമായി ബന്ധപ്പെട്ട് ത്രില്ലടിപ്പിക്കുന്ന നിരവധി സസ്‌പെന്‍സുകള്‍ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ചിലരുടെയൊക്കെ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാഹത്തിന്റെ തലേന്ന് പെണ്‍കുട്ടി കാമുകനുമായി ഒളിച്ചോടുന്നു... വിവാഹ പന്തലില്‍ ഒരുങ്ങി നില്‍ക്കുന്ന മണവാട്ടിയെ കാമുകനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു...ഭാര്യയും മക്കളുമുണ്ടെന്ന കാര്യം മറച്ചു വച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങുന്ന തട്ടിപ്പുകാരനെ കല്യാണ മണ്ഡപത്തിലെത്തി ഭാര്യയും മക്കളും ചേര്‍ന്ന് കയ്യോടെ പൊക്കുന്നു... അങ്ങനെ നിരവധി കല്യാണ ത്രില്ലറുകള്‍ കണ്ടും കേട്ടും നമുക്ക് പരിചയമുണ്ട്.

എന്നാല്‍ അതിനെയെല്ലാം കടത്തി വെട്ടുന്ന സൂപ്പര്‍ മാര്യേജ് ത്രില്ലറാണ് ഒരാഴ്ച മുമ്പ് ചൈനയിലുണ്ടായത്. പക്ഷേ, ഈ സംഭവത്തിലെ നായിക സാധാരണക്കാരിയായ ഒരമ്മയാണ്. രണ്ട് പതിറ്റാണ്ട് കാലത്തെ ആ അമ്മയുടെ നെഞ്ചിടിപ്പിന്റെ നൊമ്പരമാണ് കഥാതന്തു. അവസാനം അമ്മയുടെ നെഞ്ചിലെരിഞ്ഞ നെരിപ്പോട് ആഹ്ലാദത്തിന്റെ ദീപനാളമായി പ്രകാശിച്ചപ്പോള്‍ ക്ലൈമാക്‌സ് അതിഗംഭീരമായ സന്തോഷ പര്യവസായി മാറി.

ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്ത് കഴിഞ്ഞ മാര്‍ച്ച് 31 നായിരുന്നു സംഭവം. മകന്റെ വധുവായി അണിഞ്ഞൊരുങ്ങിയെത്തിയ യുവതിയുടെ കയ്യില്‍ കണ്ട പാടാണ് എല്ലാത്തിനും വഴിത്തിരിവായത്. ഇരുപത് വര്‍ഷം മുമ്പ് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നതായി അമ്മ ഓര്‍ത്തു. യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അവളെ അവര്‍ ദത്തെടുത്തതാണോ എന്ന് വരന്റെ അമ്മ തിരക്കി.

എന്നാല്‍ യുവതി തങ്ങളുടെ ദത്തുപുത്രി ആണെന്ന കാര്യം അതുവരെ ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. അമ്മയുടെ കൃത്യമായ ചോദ്യത്തിനു മുന്നില്‍ അവര്‍ സത്യം തുറന്നു പറഞ്ഞു. ഇരുപത് വര്‍ഷം മുമ്പ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ തങ്ങള്‍ വളര്‍ത്തുകയായിരുന്നും അവര്‍ വ്യക്തമാക്കി. മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്ന സത്യം അതോടെ ആ അമ്മ തിരിച്ചറിഞ്ഞു!!

പെറ്റമ്മയെ കണ്ടെത്തിയ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും ഇനി വിവാഹം എങ്ങനെ നടത്തുമെന്ന സങ്കടത്തിലായി യുവതി. തന്റെ സഹോദരനെ വിവാഹം കഴിക്കാനാവില്ലല്ലോ എന്ന ദു:ഖത്തില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും സിനിമാക്കഥയെ വെല്ലുന്ന അടുത്ത ട്വിസ്റ്റ് ഉണ്ടാകുന്നത്. യുവാവിനെ താന്‍ ദത്തെടുത്തതാണെന്നും അതിനാല്‍ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങള്‍ അല്ലെന്നും അമ്മ എല്ലാവരെയും അറിയിക്കുകയായിരുന്നു.

ഇരുപത് വര്‍ഷം മുമ്പ് മകളെ നഷ്ടമായതോടെയാണ് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തതെന്ന് അമ്മ പറയുന്നു. മകളെ കുറിച്ച് വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകള്‍ മകന്റെ ഭാര്യയായി എത്തിയതിലുള്ള ത്രില്ലിലാണിപ്പോള്‍ അമ്മ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.