കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കണം; ഓസ്‌ട്രേലിയയില്‍ ലഹരിയെന്ന വിപത്തിനെ പിന്തുണച്ച് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കണം; ഓസ്‌ട്രേലിയയില്‍ ലഹരിയെന്ന വിപത്തിനെ പിന്തുണച്ച് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരിസഭയില്‍ ലീഗലൈസ് കാനബിസ് പാര്‍ട്ടിക്ക് രണ്ട് സെനറ്റര്‍മാരെ ലഭിച്ചതോടെ കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യം വീണ്ടും ചര്‍ച്ചയാവുന്നു. ലഹരിയെന്ന മഹാവിപത്തിന് ഓസ്‌ട്രേലിയന്‍ സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന്റെ സൂചനയാണ് ബ്രയാന്‍ വാക്കറുടെയും സോഫിയ മൂര്‍മോണ്ടിന്റെയും വിജയം.
മെഡിക്കല്‍, ശാസ്ത്ര ആവശ്യങ്ങള്‍ക്കായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണം എന്നു പറയുമ്പോഴും മറുഭാഗത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുമോയെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍.

പെര്‍ത്തിനു സമീപം സെര്‍പന്റൈനില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഡോ. ബ്രയാന്‍ വാക്കറാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടി പ്രതിനിധിയായി ഈസ്റ്റ് മെട്രോപൊളിറ്റന്‍ മേഖലയില്‍നിന്നും വിജയിച്ചത്. പാര്‍ട്ടിയുടെ നയങ്ങള്‍ കഴിഞ്ഞ ദിവസം ഡോ. വാക്കര്‍ വിവരിച്ചിരുന്നു. കഞ്ചാവിന്റെ വ്യക്തിഗത, മെഡിക്കല്‍, വ്യാവസായിക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ നയങ്ങള്‍.

കഞ്ചാവ് നിയമവിധേയമാക്കുക, അതിന്റെ വിതരണത്തിനും ഉപഭോഗത്തിനും കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

കഞ്ചാവിന്റെ വ്യവസായം വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

സബ്‌സിഡികള്‍ നല്‍കി കഞ്ചാവ് വ്യവസായത്തില്‍ തദ്ദേശീയ പങ്കാളിത്തം ഉറപ്പാക്കുക.

ഔഷധ കഞ്ചാവ് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ലഭ്യമാക്കുക.

കുറഞ്ഞ ചെലവില്‍ ലാബുകളില്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ പരിശോധന ലഭ്യമാക്കുക.

കഞ്ചാവ് കൈവശം വച്ചതിന് ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കുക എന്നിവയാണ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍.

പ്രകൃതിദത്തവും ആരോഗ്യകരവുമായ രോഗശാന്തി സസ്യമായി കഞ്ചാവ് ആവശ്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ഇത് മദ്യത്തേക്കാള്‍ വളരെയധികം സുരക്ഷിതമാണെന്നും ഡോ. വാക്കര്‍ അവകാശപ്പെട്ടു. മദ്യം, പുകയില എന്നിവ മൂലമുള്ള മരണം കഞ്ചാവിനെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്. കഠിനമായ, തിരക്കിട്ട ഒരു ദിവസത്തിനുശേഷം ശാന്തമായ സായാഹ്നത്തില്‍ ലഘുവായി കഞ്ചാവ് ആസ്വദിക്കുക എന്ന ആശയമാണ് ഡോ. വാക്കര്‍ അവതരിപ്പിക്കുന്നത്. ആറ് കുപ്പി ബിയര്‍ കഴിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണിതെന്നു താന്‍ കരുതുന്നതായി വാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു തിന്മയെ മനോഹരമായി പൊതിഞ്ഞ് കൈകളിലേക്കു നല്‍കുന്നതിനു തുല്യമാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ തലച്ചോറിനുള്ളിലേക്കു കുത്തിവയ്ക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ സര്‍ക്കാര്‍ എത്രത്തോളം ഗൗരവത്തില്‍ സ്വീകരിക്കുമെന്നതും സമൂഹത്തില്‍ ഇതുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും വരും നാളുകളില്‍ കാത്തിരുന്നു കാണേണ്ടതാണ്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച പാര്‍ട്ടിക്ക് 28,473 വോട്ടുകളാണ് ലഭിച്ചത്. തൊട്ടു പിന്നിലായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടി 28,051 വോട്ടുകള്‍ നേടി. 422 വോട്ടിന്റെ വ്യത്യാസം. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ലേബര്‍ പാര്‍ട്ടിയും മറ്റ് ചെറുകിട പാര്‍ട്ടികളായ ഹെല്‍ത്ത് ഓസ്‌ട്രേലിയ, നോ മാന്‍ഡേറ്ററി വാക്സിനേഷന്‍, ഗ്രീന്‍സ്(ഡബ്ള്യൂ.എ), അനിമല്‍ ജസ്റ്റിസ് എന്നിവയും പിന്തുണച്ചതാണ് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സ് പാര്‍ട്ടിയുടെ വിജയം തടഞ്ഞ് ലീഗലൈസ് കാനബിസ് പാര്‍ട്ടി പാര്‍ലമെന്റിലെത്താന്‍ കാരണം. തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍നിന്നാണു സോഫിയ മൂര്‍മോണ്ടിന്റെ ജയം. ബ്രയാന്‍ വാക്കറുടേത് ഈസ്റ്റ് മെട്രോപൊളിറ്റന്‍ മേഖലയില്‍നിന്നും. ലഹരി വസ്തുക്കളോടുള്ള ഓസ്‌ട്രേലിയയിലെ ഒരു വിഭാഗം ജനതയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വിജയം. ഓസ്‌ട്രേലിയയുടെ കൂടുതല്‍ സംസഥാനങ്ങളിലേക്ക് ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്താണ് ആദ്യം ലീഗലൈസ് കാനബിസ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 23 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. അവര്‍ക്ക് 26,000 വോട്ടുകളും മൊത്തം മുന്‍ഗണനാ വോട്ടുകളുടെ 0.91 ശതമാനവും ലഭിച്ചു, ചില മേഖലകളില്‍ അഞ്ചു ശതമാനവും മറ്റുള്ളവയില്‍ മൂന്നു മുതല്‍ നാലു ശതമാനവും വോട്ടുകള്‍ നേടി. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പന്ത്രണ്ട് പാര്‍ട്ടികളില്‍ വോട്ടുകളുടെ എണ്ണത്തില്‍ ആറാമത്തെ വലിയ പാര്‍ട്ടിയായി ലീഗലൈസ് കാനബിസ് പാര്‍ട്ടി മാറി. ഈ വിജയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് 2021 ജനുവരി 29 ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ലീഗലൈസ് കാനബിസ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.