ഹരിപ്പാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളും പ്രതിരോധമാർഗങ്ങളും സ്വീകരിച്ചാണ് ഇത്തവണ വോട്ടെണ്ണൽ ഒരുക്കിയിരിക്കുന്നത്.
അതേസമയം വോട്ടെണ്ണൽ മേശകളുടെ എണ്ണം ഇത്തവണ ഇരട്ടിയാക്കിയിട്ടുണ്ട് ഇതുമൂലം ഫലം പതിവിലും നേരത്തേ ലഭിക്കുമെന്നാണ് സൂചന. വോട്ടെണ്ണുന്നതിനായി മുൻപ് ഒരുഹാളിൽ 14 മേശകളാണ് ഇട്ടിരുന്നത് എന്നാൽ ഇത്തവണ ഒരിടത്ത് ഏഴു മേശകൾവീതം ഒരുകേന്ദ്രത്തിൽ നാലു ഹാളുകളിലാണ് വോട്ടെണ്ണുക. അതുകൊണ്ടുതന്നെ 28 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ഒരേസമയം എടുക്കാം. ഇത് വോട്ടെണ്ണൽ വേഗത്തിലാക്കാൻ സാധിക്കും.
മുൻവർഷങ്ങളിൽ ഒരുകേന്ദ്രത്തിൽ ഒരേസമയം 14 ബൂത്തുകളിലെ വോട്ടാണ് എണ്ണിയിരുന്നത്. ഇത്തവണ അത് 28 ആയി വർധിപ്പിക്കാനാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശം. ഇതുപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി പരാമവധി അഞ്ചുമിനിറ്റിനകം ഒരുബൂത്തിലെ ഫലംകിട്ടും. ആദ്യത്തെ അര-മുക്കാൽ മണിക്കൂറിനകം ഒരു മണ്ഡലത്തിലെ പകുതി ബൂത്തുകളിലെ വോട്ടെണ്ണാമെന്നാണു പ്രതീക്ഷിക്കുന്നത്. കമ്മിഷന്റെ വെബ് സൈറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നുതന്നെ ഫലം ചേർത്തുവിടും.
കോവിഡ് നിയന്ത്രണങ്ങൾപാലിച്ച് ബിഹാറിൽ വോട്ടെണ്ണിയതു കഴിഞ്ഞ നവംബറിലാണ്. അവിടെ നടപ്പാക്കിയ രീതിയാണ് നിർദേശിച്ചിരിക്കുന്നത്. വോട്ടെണ്ണൽമേശകൾ കൂട്ടിയിട്ടും ബിഹാറിൽ ഫലപ്രഖ്യാപനം ഏറെ വൈകിയിരുന്നു. എന്നാൽ, പരിചയസമ്പന്നരായ ധാരാളം ഉദ്യോഗസ്ഥരുള്ളതിനാൽ കേരളത്തിൽ പരിഷ്കാരം ഫലപ്രദമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.