കാന്‍ബറ: കോവിഡ്-19 പ്രതിരോധ വാക്‌സിനായ ആസ്ട്രസെനക്ക സ്വീകരിച്ച അപൂര്‍വ പേരില്‍ രക്തം കട്ടപിടിച്ച സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ വാക്‌സിനേഷന്‍ പദ്ധതിയില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. 50 വയസില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുന്നത് പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് സംബന്ധിച്ച സാങ്കേതിക ഉപദേശക സംഘമായ ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എ.ടി.എ.ജി.ഐ) നല്‍കിയ നിരവധി ശിപാര്‍ശകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആദ്യത്തെ ഡോസ് ഇതിനകം ലഭിക്കാത്ത 50 വയസിന് താഴെയുള്ള മുതിര്‍ന്നവര്‍ക്ക് ആസ്ട്രസെനക്ക വാക്‌സിനു പകരം ഫൈസര്‍ നല്‍കാന്‍ എ.ടി.എ.ജി.ഐ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അതേസമയം, അസ്ട്രാസെനക്ക ആദ്യ ഡോസ് സ്വീകരിച്ചശേഷം പാര്‍ശ്വഫലങ്ങളില്ലാത്തവര്‍ക്ക് രണ്ടാമത്തെ ഡോസും സാധാരണപോലെ നല്‍കും.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആസ്ട്രസെനക്ക വാക്‌സിനെടുത്ത അപൂര്‍വം ചിലര്‍ക്കു രക്തം കട്ടപിടിച്ചതായും അത് മരണത്തിലേക്ക് നയിച്ചതായും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇ.എം.എ) സ്ഥിരീകരിച്ചിരുന്നു. മെല്‍ബണില്‍ വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് രക്തം കട്ട പിടിച്ച അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ വിതരണ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ വെളിപ്പെടുത്തലോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ അടിയന്തര യോഗം ചേര്‍ന്നു. ഇവര്‍ നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച്ച രാത്രി പ്രധാനമന്ത്രി അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ച് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുന്നതിന് നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പത്തു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ നാലു മുതല്‍ ആറു പേര്‍ക്ക് മാത്രമേ രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അപൂര്‍വമാണെങ്കിലും ഗുരുതരമായ പാര്‍ശ്വഫലമാണ് ഇത് എന്നതിനാലാണ് വാക്‌സിനേഷന്‍ പദ്ധതിയില്‍ മാറ്റം വരുത്തിയത്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളും ഞങ്ങളുടേതിനു സമാനമായ തീരുമാനം എടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യവകുപ്പ് സെക്രട്ടറി ബ്രണ്ടന്‍ മര്‍ഫി
വാക്സിന്‍ സ്വീകരിച്ചശേഷം രക്തം കട്ടപിടിച്ച കേസുകളില്‍ പലരും 60 വയസിനു താഴെയുള്ളവരായിരുന്നു. മരിച്ചവര്‍ 50 വയസില്‍ താഴെയുള്ളവരും. അതേസമയം പ്രായമേറിയവര്‍ക്ക് കോവിഡ് കൂടുതല്‍ അപകടകരമാകാം എന്നതു പരിഗണിച്ച് മുന്‍ നിശ്ചയിച്ച പോലെ ഈ വര്‍ഷം മധ്യത്തോടെ ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായ ബ്രണ്ടന്‍ മര്‍ഫി പറഞ്ഞു. ആദ്യ ഡോസ് എടുത്തവര്‍ക്ക് പ്ലേറ്റ്‌ലെറ്റ് കുറയുകയോ രക്തം കട്ടപിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാം ഡോസ് നല്‍കില്ല.
ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്യാനായി ഏറ്റവുമധികം ലഭ്യമാക്കിയിട്ടുള്ള വാക്‌സിനാണ് ആസ്ട്രസെനക്ക. 54 ദശലക്ഷം ആസ്ട്രസെനക്ക ഡോസുകള്‍ നിര്‍മ്മിക്കാന്‍ മെല്‍ബണിലെ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സി.എസ്.എല്ലിനോട് സര്‍ക്കാര്‍
ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26