തപാല്‍ വോട്ടിലും ഇരട്ടിപ്പ്; തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ പരാതി നല്‍കി ചെന്നിത്തല

തപാല്‍ വോട്ടിലും ഇരട്ടിപ്പ്; തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ പരാതി നല്‍കി ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായും ഇതു തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിച്ച പ്രതിപക്ഷ നേതാവ് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ പരാതിയും കൈമാറി.

മൂന്നരലക്ഷം ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകള്‍ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. വോട്ടര്‍പട്ടികയില്‍ ഇവരെ മാര്‍ക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായി.

തപാല്‍ വോട്ടിലെ ഇരട്ടിപ്പ് ഉടന്‍ കണ്ടെത്തണമെന്നു പരാതിയില്‍ ചെന്നിത്തല വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ രണ്ടാമത് ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണരുതെന്നു നിര്‍ദേശം നല്‍കണം. പോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയയ്ക്കുന്നതിനു മുന്‍പ് അവര്‍ നേരത്തെ വോട്ടു ചെയ്തില്ല എന്നു ഉറപ്പാക്കണം.

പ്രത്യേക കേന്ദ്രത്തില്‍ വോട്ടു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തപാല്‍ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു ഇനി ബാക്കി എത്ര എന്ന കണക്കും പുറത്തുവിടണം. 80 വയസുകഴിഞ്ഞവരുടെ വോട്ടുകള്‍ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടു.

വോട്ടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.