എന്റെ കർത്താവും എന്റെ ദൈവവും : മാർത്തോമ്മാ ക്രിസ്ത്യാനികളും പുതുഞായറും

എന്റെ കർത്താവും എന്റെ ദൈവവും :  മാർത്തോമ്മാ ക്രിസ്ത്യാനികളും  പുതുഞായറും

മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ദുക്റാന തിരുന്നാൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉയിർപ്പു തിരുന്നാളിന് ശേഷമുള്ള പുതുഞായർ. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാ ശ്ലീഹ ഉത്ഥിതനായ മിശിഹായെ നേരിട്ട് കണ്ട് വിശ്വസിച്ച് ആ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞതിന്റെ ഓർമ്മ ദിനമാണത് . ഉയിർപ്പുതിരുന്നാൾ ആഘോഷം,  പുതുഞായർ വരെ ഒരാഴ്ച നീളുന്ന ആഘോഷമാണ് . അതുകൊണ്ടു തന്നെയാണ് ഈ ആഴ്ചയേ ആഴ്ചകളുടെ ആഴ്ച എന്ന് വിശേഷിപ്പിക്കുന്നത് . പൗര്യസ്ത്യ സഭകളെ  പോലെ തന്നെ പാശ്ചാത്യ സഭകളും ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം തന്നെയാണ് അനുസ്മരിച്ചു വരുന്നത് . എന്നാൽ ഈയിടുത്തകാലത്തായി ദൈവ കരുണയുടെ ഞായർ എന്ന തിരുന്നാളിന് പ്രാധാന്യം നൽകിവരുന്നു.

മനുഷ്യനായ ഈശോ മിശിഹാ പൂർണ്ണ ദൈവമാണ് എന്ന സത്യത്തിന്റെ ആദ്യ പരസ്യ പ്രഘോഷണമാണ് മാർത്തോമ്മാ ശ്ലീഹായുടെത് . സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്ന വിശ്വാസ പ്രഖ്യാപനങ്ങളിൽ ഏറ്റവും ആഴമുള്ളതും ശക്തമായതും തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനമാണ്. ഈശോയെ ദൈവമായി ഏറ്റു പറയുന്ന ആദ്യത്തെ വിശ്വാസ പ്രഖ്യാപനം- അതുകൊണ്ട് പുതുഞായർ ഈശോയുടെ ദൈവത്വം അനുസ്മരിക്കുന്ന ദിവസം കൂടിയാണ്. മലയാറ്റൂർ പോലുള്ള മാർത്തോമൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അത്യാഘോഷപൂർവം കൊണ്ടാടുന്ന തിരുന്നാളാണിത്. വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെ മിശിഹാനുഭവത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും അനുസ്മരണമായ പുതുഞായർ നസ്രാണികൾക്ക് പിതൃസ്മരണയുടെ ദിനവുമാണ്.

ആദിമ സഭയുടെ പൈതൃകമായ ഈസ്റ്റർ ജാഗരണത്തോടനുബന്ധിച്ചുള്ള മാമ്മോദീസ ക്രമത്തിൽനിന്നാണ് പുതുഞായർ എന്ന പേരിന്റെ ഉത്ഭവം. പുതുതായി മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അതിനുശേഷം ആദ്യമായി കുർബാനക്കായി പള്ളിയിൽ വരുന്ന ഞായറാഴ്ച എന്ന അർത്ഥത്തിലാണ് ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെട്ടത്. മിശിഹായിൽ നിന്ന് ലഭിച്ചതും തലമുറകളിലൂടെ കൈമാറി വന്നതുമായ വിശ്വാസാനുഭവത്തിലേക്ക് മാമ്മോദീസയിലൂടെ ഒരു വ്യക്തി ചേർക്കപ്പെടുന്നു എന്നാണ് പുതുഞായർ ആചരണത്തിന്റെ അർഥം.

വിശുദ്ധ യോഹന്നാൻ സുവിശേഷകൻ തോമ്മാ ശ്ലീഹായെ ദിദിമോസ് എന്ന പേര് വിളിക്കുന്നതായിക്കാണാം .എന്നാൽ തോമ്മാശ്ലീഹായുടെ ഇരട്ട സഹോദരനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും പ്രതിപാദിക്കുന്നുമില്ല . ഈശോയുമായി തോമസിനുള്ള സാമ്യമാകാം  കർത്താവിന്റെ ഇരട്ട എന്ന വിളിപ്പേര് വീഴുവാൻ ഇടയായത് എന്ന് ബൈബിൾ പണ്ഡിതർ കരുതുന്നു . മാർ വാലാഹ് എന്ന പ്രഖ്യാപനം പല പരിഭാഷകളും രേഖപ്പെടുത്തുന്നതുപോലെ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന അഭിസംബോധന അല്ല മറിച്ച് നീ എന്റെ കർത്താവും എന്റെ ദൈവവും എന്ന പ്രഖ്യാപനമാണ് അവിടെ നടക്കുന്നത് . പൗര്യസ്ത്യ സഭകളുടെ ആരാധനാക്രമത്തിൽ കർത്താവായ ദൈവമേ എന്ന് തുടങ്ങുന്ന പ്രാർത്ഥനകൾ നമ്മെ ഓർമ്മിപ്പിക്കുന്നതും തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനം തന്നെയാണ് .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.