സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞ പേട്ടയിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് സ്വപ്ന പറഞ്ഞ പേട്ടയിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. പേട്ടയിലെ ഈ ഫ്‌ളാറ്റില്‍ വച്ച് ശ്രീരാമകൃഷ്ണന്‍ സരിത്തിന് പണം കൈമാറിയെന്നാണ് സ്വപ്നയുടെ മൊഴി. ഇവിടെ സ്പീക്കര്‍ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

സ്പീക്കറെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് ഫ്ളാറ്റില്‍ പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മൂന്നു പേരടങ്ങിയ സംഘം സ്പീക്കറുടെ മൊഴിയെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ടെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.

കസ്റ്റംസ് അയച്ച മൂന്ന് ചോദ്യം ചെയ്യല്‍ നോട്ടീസിലും ഹാജരാകാതെ ഒഴിഞ്ഞു മാറിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ എങ്ങനെയും വരുതിയില്‍ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് കസ്റ്റംസിനുള്ളതെന്നാണ് സ്പീക്കറുടെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ ഫ്‌ളാറ്റിലും നടത്തിയ പരിശോധനയില്‍ നിന്നും വ്യക്തമാകുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.