ഒഴിവായത് വന്‍ ദുരന്തം; യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പുനിലത്ത് ഇടിച്ചിറക്കി; ആര്‍ക്കും പരുക്കില്ല

ഒഴിവായത് വന്‍ ദുരന്തം; യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പുനിലത്ത് ഇടിച്ചിറക്കി; ആര്‍ക്കും പരുക്കില്ല

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ഏഴുപേര്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് അടിയന്തരമായി ഇടിച്ചിറക്കി. ആര്‍ക്കും പരുക്കില്ല. രാവിലെ എട്ടരയോടെയാണ് സംഭവം. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്റ്ററാണ് ഇടിച്ചിറക്കിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് ജനവാസമേഖലയിലെ വന്‍ ദുരന്തം ഒഴിവാക്കിയത്. ഏഴു പേരെയും ആശുപത്രിയിലേക്കു മാറ്റി. പരുക്കില്ലെങ്കിലും എല്ലാവരും നിരീക്ഷണത്തില്‍ തുടരുകയാണെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടുവേദനയുണ്ടെന്ന് യൂസഫലി പറഞ്ഞതിനാല്‍ അദ്ദേഹത്തെ സ്‌കാനിംഗിനു വിധേയനാക്കി.

കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലിയും സംഘവും. ചികിത്സയിലുളള ബന്ധുവിനെ സന്ദര്‍ശിക്കാനായാണ് എറണാകുളത്തെത്തിയതെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

മുട്ടിനൊപ്പം വെള്ളമുള്ള ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലില്‍ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉള്‍പ്പടെയുള്ള വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി രാജേഷ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഇറക്കിയ ചതുപ്പ് നിലത്തിനടുത്ത് താമസിക്കുന്നവരാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. എം.എ യൂസഫലിയടക്കമുളളവരുടെ അരികിലേക്ക് ഓടിയെത്തിയതും ഇവരാണ്. പൈലറ്റാണ് ആദ്യമിറങ്ങിയത്. പിന്നീട് ഗ്ലാസ് നീക്കിയാണ് യൂസഫലിയടക്കമുളളവര്‍ പുറത്തിറക്കിയത്.

നടുവേദനയുണ്ടെന്ന് യൂസഫലി പറഞ്ഞിരുന്നുവെന്നും രാജേഷ് പറഞ്ഞു. ഏവിയേഷന്‍ അധികൃതര്‍ എത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് ഡിസിപി രമേഷ് കുമാര്‍ അറിയിച്ചു. എന്നിട്ടായിരിക്കും ചതുപ്പുനിലത്തുനിന്നു ഹെലികോപ്റ്റര്‍ നീക്കാനുള്ള നടപടികള്‍ ആരംഭിക്കുക. അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്ത് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.