സരോജ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കല്‍ബാരി തീരം തൊട്ടു; കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍; അതീവ ജാഗ്രതാ നിര്‍ദേശം

സരോജ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കല്‍ബാരി തീരം തൊട്ടു;  കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍;  അതീവ ജാഗ്രതാ നിര്‍ദേശം

പെര്‍ത്ത്: ഇന്തോനേഷ്യയില്‍ വന്‍ നാശം വിതച്ച സരോജ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തീരത്തെത്തി. കല്‍ബാരിയിലെത്തിയ കൊടുങ്കാറ്റ് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞുവീശുന്നത്. കാറ്റഗറി മൂന്ന് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് അതിതീവ്ര പ്രഹരശേഷിയുളളതാണെന്നും പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (ഡി.എഫ്.ഇ.എസ്) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും നിലവിലുണ്ട്.

ഈസ്റ്റര്‍ അവധിയെതുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള നിരവധി പേരാണ് കല്‍ബാരി, ജെറാള്‍ട്ടണ്‍ എന്നീ സ്ഥലങ്ങളിലേക്കു വിനോദയാത്ര പോയത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വിനോദ സഞ്ചാരകേന്ദ്രമാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയ കല്‍ബാരി. പെര്‍ത്തില്‍നിന്ന് 592 കിലോമീറ്റര്‍ മാറി തീരദേശ പട്ടണമായ കല്‍ബാരി, ജെറാള്‍ട്ടണ്‍ മേഖലകളിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്.

കല്‍ബാരിയില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയടക്കം പലയിടത്തും പറന്നുപോയി. തന്റെ വീടിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റില്‍ തെന്നി മാറിയതായി പ്രശസ്ത ബാല സാഹിത്യകാരി ബ്രെന്‍ മാക്ഡിബിള്‍ ട്വീറ്റ് ചെയ്തു. സമാന അനുഭവം തന്നെയാണ് ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. സഹായം തേടി നിരവധിപ്പേര്‍ വിളിച്ചതായി സ്റ്റേജ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടത്തിന്റെറ തീവ്രത ഇനിയും വ്യക്തമായിട്ടില്ല. കല്‍ബാരിയില്‍ ഏതാനും മണിക്കൂറുകള്‍ കൂടി ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് തീവ്രത കുറയും.

ബാല സാഹിത്യകാരി ബ്രെന്‍ മാക്ഡിബിളിന്റെ വീടിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റില്‍ തകര്‍ന്ന നിലയില്‍

രാത്രിയോടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുമുണ്ടാകും. ഇത് വെളളപ്പൊക്കത്തിന് ഇടയാക്കിയേക്കും. ആരും പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയത് ഈ സാഹചര്യത്തിലാണ്.

കാര്‍നാര്‍വോണിലും നോര്‍ത്താംപ്ടണിലും സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെന്‍ഹാം, കല്‍ബാരി, നോര്‍ത്താംപ്ടണ്‍, പോര്‍ട്ട് ഗ്രിഗറി, ഹോറോക്‌സ് എന്നീ പ്രദേശങ്ങളിലൂടെ കാറ്റ് കടന്നുപോകും. ഡെന്‍ഹാമിലെ ചില താമസക്കാരോടു സുരക്ഷിത സ്ഥാനത്തേക്കു മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കാര്‍നാര്‍വോണ്‍ നഗരപ്രദേശം ഉള്‍പ്പെട്ടിട്ടില്ല. പോര്‍ട്ട് ഡെനിസണ്‍, കാര്‍നാര്‍വോണ്‍, ഡെന്‍ഹാം എന്നിവിടങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റീസ് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഞായര്‍ രാത്രിയും തിങ്കളും കൊടുങ്കാറ്റിനും തീവ്ര മഴയ്ക്കും വേലിയേറ്റത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

റെഡ് അലേര്‍ട്ട് പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ആളുകള്‍ നാലു വശവും ദൃഢമായ മതിലുകളും കുറഞ്ഞ ജനലുകളുമുള്ള കെട്ടിടങ്ങളില്‍ അഭയം തേടണമെന്ന് ഡി.എഫ്.ഇ.എസ് കണ്‍ട്രോളര്‍ എബ്രഹാം സിയേഴ്സ് പറഞ്ഞു. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, ജലം തുടങ്ങിയ അവശ്യ സേവനങ്ങളില്‍ തടസങ്ങളുണ്ടായേക്കാം. അത് പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍. ആളുകള്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണമെന്നും യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.