മന്‍സൂര്‍ വധം: തൂങ്ങി മരിച്ച പ്രതിയുടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതം; കൊലപാതകമെന്ന സംശയം ശക്തമാകുന്നു

മന്‍സൂര്‍ വധം: തൂങ്ങി മരിച്ച പ്രതിയുടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതം; കൊലപാതകമെന്ന സംശയം ശക്തമാകുന്നു

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ വടകര റൂറല്‍ എസ്പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി.

രതീഷിന്റെ മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. മരണത്തിനു മുന്‍പ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്കു പരുക്കേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്കു നയിച്ചത്. മരണത്തിനു തൊട്ടുമുന്‍പു വരെ മന്‍സൂര്‍ വധക്കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു.

കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് വിശദ പരിശോധനക്കായി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ഏപ്രില്‍ ഒന്‍പതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശദമായ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്ന് വി ടി ബല്‍റാം ആരോപിച്ചു. മന്‍സൂര്‍ കൊലപാതകം ഉടന്‍ സിബിഐ അന്വേഷണത്തിന് വിടണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.