ഓസ്ട്രേലിയയില്‍ ഡിസെബിലിറ്റി മേഖലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതില്‍ ആശങ്കയും പ്രതിഷേധവും

ഓസ്ട്രേലിയയില്‍ ഡിസെബിലിറ്റി മേഖലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതില്‍ ആശങ്കയും പ്രതിഷേധവും

സിഡ്‌നി: ഓസ്ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ വിതരണം എട്ടാം ആഴ്ചയിലേക്കു കടക്കുമ്പോഴും ഡിസെബിലിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലെന്നത് ആശങ്കയ്ക്കിടയാക്കുന്നു. രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ആയിരക്കണക്കിന് ആളുകളാണ് ആദ്യത്തെ ഡോസിനായി കാത്തിരിക്കുന്നതെന്നും ഇത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും ഡിസെബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതികരിച്ചു. വാക്‌സിന്‍ എപ്പോള്‍ വിതരണം ചെയ്യാനാകുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍, ഡിസെബിലിറ്റിയുള്ളവരെയും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഏറ്റവും മുന്‍ഗണന ലഭിക്കുന്ന 1 എ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വാക്‌സിന്‍ കൂടുതല്‍ പേര്‍ക്കു ലഭ്യമാക്കുന്ന 1 ബി ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഡിസെബിലിറ്റിയുള്ളവര്‍ക്ക് ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഡിസെബിലിറ്റി സേവന ദാതാക്കളിലൊരാളായ അറുമ സര്‍വീസസ് പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സിലാണ് അറുമ സര്‍വീസസ് പ്രവര്‍ത്തിക്കുന്നത്.

ഡിസെബിലിറ്റിയുള്ളവരെ പരിചരിക്കുന്ന 350-ല്‍ അധികം കേന്ദ്രങ്ങളാണ് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് അറുമ നടത്തുന്നത്. ഇവിടെ 1500-ല്‍ അധികം അന്തേവാസികളും ആയിരത്തോളം ജീവനക്കാരുമുണ്ട്. മുന്‍ഗണനാ വിഭാഗമായിട്ടും ഇവിടെയുള്ള ഓരോരുത്തരും വാക്‌സിനായി കാത്തിരിക്കുകയാണെന്ന് അറുമ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ്രൂ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഡിസെബിലിറ്റിയുള്ള ഒരാള്‍ക്കുപോലും വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ല എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഡോസ് എപ്പോള്‍ ലഭിക്കുമെന്ന് അറുമ അന്വേഷിച്ചപ്പോള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നുള്ള മറുപടിയാണു ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി നല്‍കിയത്. വാക്‌സിന്‍ വിതരണത്തിന്റെ 1 എ, 1 ബി ഘട്ടങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡിസെബിലിറ്റിയുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം പകുതിയോടെ വാക്‌സിനേഷന്‍ നല്‍കുമെന്നും പോള്‍ കെല്ലി അറിയിച്ചു.

ഡിസെബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയായ നാഷണല്‍ ഡിസെബിലിറ്റി സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് മൂഡി പറഞ്ഞത് അറുമയുടെ സ്ഥിതി ഒറ്റപ്പെട്ട കേസല്ല എന്നാണ്.

ഓസ്ട്രേലിയയിലെ മിക്ക ഭാഗങ്ങളിലുമുള്ള ഞങ്ങളുടെ അംഗങ്ങളില്‍നിന്ന് നിരവധി പരാതികളാണു ലഭിക്കുന്നത്. ഡിസെബിലിറ്റിയുള്ളവരുടെ വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസെബിലിറ്റിയുള്ളവര്‍ക്ക് കോവിഡ് ബാധിച്ച ഡസനിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതലും വിക്ടോറിയയില്‍. അതുകൊണ്ട് ഈ വിഭാഗത്തിലുള്ളവര്‍ക്ക്് എത്രയും വേഗം കുത്തിവയ്പ് നല്‍കണമെന്നും മൂഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.