വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. മിനെപ്പോളിസിലാണ് അമേരിക്കന്‍ പൊലീസ് ഡാന്റെ റൈറ്റ് എന്ന കറുത്ത വര്‍ഗക്കാരനായ ഇരുപത് വയസുകാരനെ വെടിവച്ചു കൊന്നത്. ലോകം മുഴുവന്‍ പ്രതിഷേധമിരമ്പിയ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെയാണ് പുതിയ സംഭവം. ഫ്‌ളോയ്ഡിനെ കൊല ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് ജനങ്ങളെ പൊലീസ് നേരിട്ടത്. താന്‍ പൊലീസ് പിടിയിലാണെന്ന് അറിയിക്കാന്‍ മകന്‍ തന്നെ വിളിച്ചിരുന്നുവെന്ന് ഡാന്റെ റൈറ്റിന്റെ അമ്മ ഞായറാഴ്ച ആള്‍ക്കൂട്ടത്തോടായി പറഞ്ഞു.
ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ താഴെ വയ്ക്കാന്‍ പൊലീസുകാര്‍ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടന്ന് ഫോണ്‍ കട്ട് ആയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്റെ കാമുകി എന്നെ വിളിച്ച് ഡാന്റെയെ പൊലീസുകാര്‍ വെടിവച്ചുവെന്ന് അറിയിച്ചുതായി അമ്മ പറഞ്ഞു.
ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്‌സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവര്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധമാണ് അരങ്ങേറിയത്. അമേരിക്കയില്‍ അരങ്ങേറുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ പതിനായിരങ്ങളാണ് പ്ലക്കാര്‍ഡുകളുമേന്തി തെരുവുകളില്‍ ഇറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.