അഡ്ലെയ്ഡ്: പനി ബാധിച്ച ഏഴുവയസുള്ള മലയാളി ബാലിക ആശുപത്രിയില്‍ അടിയന്തര ചികിത്സ കിട്ടാതെ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പേ ഓസ്‌ട്രേലിയയില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് വീണ്ടും ഒരു ഇര കൂടി. അടിയന്തര ശസ്ത്രക്രിയയ്ക്കായി എട്ട് മണിക്കൂറിലധികം കാത്തിരുന്നതിനെത്തുടര്‍ന്ന് ഏഴു വയസുള്ള പെണ്‍കുട്ടി അപ്പെന്‍ഡിസൈറ്റിസ് പൊട്ടി ഗുരുതരാവസ്ഥയിലായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യത്തെ സംഭവം നടന്നത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ചൈല്‍ഡ് ഹോസ്പിറ്റലില്‍ ആണെങ്കില്‍ ഇക്കുറി ദക്ഷിണ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്ലെയ്ഡിലെ കുട്ടികളുടെ ആശുപത്രിയാണ് അടിയന്തര ചികിത്സ വൈകിപ്പിച്ചത്.
കഴിഞ്ഞയാഴ്ച്ച നടന്ന സംഭവത്തില്‍ ആശുപത്രിക്കെതിരേ അന്വേഷണം നടക്കുകയാണ്. വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് നെറ്റ് വര്‍ക്കിനു കീഴില്‍ നോര്‍ത്ത് അഡ്ലെയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ചികിത്സ വൈകിയതായുള്ള ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചിരുന്നു.
അന്നേ ദിവസം മൂന്നു മണിയോടെയാണ് അഡ്ലെയ്ഡിലുള്ള അന്നബെല്ലെയും ഡേവിഡ് ഓറ്റ്‌സും മകള്‍ ഓഡ്രിയുമായി വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിലും ബാധിച്ച കുട്ടിക്ക് ഒരു മണിക്കൂര്‍ മുമ്പാണ് ഗുരുതര അപ്പെന്‍ഡിസൈറ്റിസ് ആണെന്നു ജനറല്‍ പ്രാക്ടീഷണര്‍ കണ്ടെത്തിയത്.
'പത്തു മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടത്ര ഗുരുതരാവസ്ഥയായിരുന്നു അവള്‍ക്ക്. മൂന്നു മണിക്കൂര്‍ കാത്തിരുന്ന ശേഷം ആറു മണിയോടെയാണ് ഒരു നഴ്‌സ് അവള്‍ക്ക് അരികിലെത്തിയത്. വീണ്ടും മൂന്നു മണിക്കൂറിനു ശേഷമാണ് ഡോക്ടര്‍ എത്തിയത്. 11.30-നു ശസ്ത്രക്രിയ ആരംഭിച്ചു. പക്ഷേ അതിനു മുന്‍പായി അപ്പെന്‍ഡിസൈറ്റിസ് പൊട്ടി ഓഡ്രിയുടെ അവസ്ഥ പരിതാപകരമായെന്ന് ആ ഭയാനക നിമിഷങ്ങളെ ഓര്‍ത്തെടുത്ത് അന്നബെല്ലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടന്ന് അവള്‍ വേദനയോടെ നിലവിളിക്കാന്‍ തുടങ്ങി. അവള്‍ക്ക് അസഹനീയമായ വേദനയാണെന്നു ഞങ്ങള്‍ക്ക് മനസിലായി, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ ഓഡ്രിയുടെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍ ഡേവിഡ് ആശുപത്രി ജീവനക്കാരെ അന്വേഷിച്ച് നടക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഒന്‍പത് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. തുടര്‍ ചികിത്സകള്‍ നടത്തേണ്ടി വന്നു. ഇതുപോലെയൊരു അനുഭവം മറ്റൊരു കുടുംബത്തിനും ഉണ്ടാവരുതെന്നും അന്നബെല്ലെയും ഡേവിഡ് ഓറ്റ്‌സും പറഞ്ഞു.
തന്റെ അന്‍പതു വര്‍ഷത്തെ കരിയറില്‍ കണ്ട ഏറ്റവും ഗുരുതരമായ അലംഭാവമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നു വിരമിച്ച ഗൈനക്കോളജിസ്റ്റ് പ്രഫ. വാറന്‍ ജോണ്‍സ് പറഞ്ഞു. എട്ടര മണിക്കൂറോളം ഒരു ചെറിയ പെണ്‍കുട്ടി കാത്തിരിപ്പ് മുറിയില്‍ വേദനയോടെ നിലവിളിക്കുകയായിരുന്നു. അപ്പെന്‍ഡിസൈറ്റിസ് രോഗചികിത്സയുടെ ഉദ്ദേശംതന്നെ അതു പൊട്ടുന്നതിനു മുന്‍പ് നീക്കം ചെയ്യുക എന്നതാണ്. പക്ഷേ അതു സംഭവിച്ചില്ല. ഇത്തരം വീഴ്ച്ചകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നു പ്രഫ. വാറന്‍ ജോണ്‍സ് പറഞ്ഞു.
സംഭവത്തിനു ശേഷം മാതാപിതാക്കളെ ബന്ധപ്പെട്ട് ചികിത്സ വൈകിയതില്‍ ഖേദപ്രകടനം നടത്തിയതായി വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ചികിത്സ വൈകിയതു സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.