കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഘട്ടം ഘട്ടമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് വിലക്ക് ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇന്ന് രാത്രി എട്ട് മണി മുതല്‍ ചൊവ്വാഴ്ച രാത്രി എട്ട് മണി വരെ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. അത്രയും സമയം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മമതയ്ക്ക് സാധിക്കില്ല.
പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച 2 നോട്ടിസുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മമത ബാനര്‍ജിക്ക് അയച്ചത്. പ്രകോപനപരവും ക്രമസമാധാനം തകര്‍ക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷന്‍ അറിയിച്ചു. കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരേ കമ്മിഷന്‍ നടപടി സ്വീകരിച്ചത്.
നാലാംഘട്ട വോട്ടെടുപ്പിനിടെ കുച്ച്ബിഹാറില്‍ നടന്ന വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ട സംഭവം കേന്ദ്രസേനയെ ഘെരാവോ ചെയ്യാന്‍ മമത നിര്‍ദേശം നല്‍കിയതിന്റെ ഫലമാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരേ മമത ചൊവ്വാഴ്ച ധര്‍ണ നടത്തും. എട്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്. മേയ് 2നാണ് ഫലപ്രഖ്യാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.