കരുണയെ ഏറ്റുവാങ്ങുക; കരുണയുള്ളവരാകുക: ഫ്രാന്‍സിസ് പാപ്പ

കരുണയെ ഏറ്റുവാങ്ങുക; കരുണയുള്ളവരാകുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സമാധാനം, പാപമോചനം, തിരുമുറിവുകള്‍ എന്നിവയിലൂടെ ക്രിസ്തു ഒഴുക്കിയ കരുണ ഏറ്റുവാങ്ങാന്‍ നാം നമ്മുടെ ഹൃദയങ്ങളെ തുറക്കണമെന്നും ഈ കരുണ മറ്റുള്ളവരുമായി പങ്കിടണമെന്നും ഫ്രാന്‍സിസ് പാപ്പ. ഈസ്റ്റര്‍ രണ്ടാം ഞായറാഴ്ച ആഘോഷിക്കുന്ന ദൈവകരുണയുടെ തിരുനാളിലെ ദിവ്യബലി അര്‍പ്പണത്തിനിടെ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.

കരുണയുള്ള യേശുവിന്റെ ദാനമായ സമാധാനം, പാപമോചനം, തിരുമുറിവുകള്‍ എന്നിവയാല്‍ നമുക്ക് സ്വയം പുതുക്കാം. കരുണയുടെ സാക്ഷികളാകാന്‍ അവിടുത്തെ കൃപ നമുക്ക് ആവശ്യപ്പെടാം. ആ കൃപയിലൂടെ മാത്രമേ നമ്മുടെ വിശ്വാസത്തെ സജീവമാക്കാനും ജീവിതത്തെ ഏകീകരിക്കാനും സാധിക്കൂ. ഈ വിധത്തില്‍ മാത്രമേ ദൈവത്തിന്റെ സുവിശേഷം പ്രഖ്യാപനം സാധ്യമാകൂ. ദൈവത്തിന്റെ സുവിശേഷം എന്നാല്‍ കരുണയുടെ സുവിശേഷമാണ്. സ്‌നേഹം നമ്മില്‍ മാത്രമാണെങ്കില്‍ വിശ്വാസം വരണ്ടതും തരിശുമായിത്തീരും. കരുണയുടെ പ്രവര്‍ത്തനമില്ലെങ്കില്‍ വിശ്വാസം മരിക്കുന്നു-മാര്‍പ്പാപ്പ പറഞ്ഞു.



വത്തിക്കാനോട് ചേര്‍ന്ന് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സാന്റോ സ്പിരിത്തോ ഇന്‍ സാസിയ ദേവാലയത്തിലാണ് ദൈവകരുണയുടെ ഞായറില്‍ വിശുദ്ധ ബലി അര്‍പ്പിച്ചത്. മഹാമാരിയെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാപ്പാ വത്തിക്കാനു പുറത്ത് ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ഈ ദേവാലയത്തിലാണ്. 1994 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് റോമിലെ ഈ ദേവാലയത്തെ ദൈവകരുണയുടെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ എണ്‍പതോളം പേര്‍ക്കു മാത്രമാണ് ദേവാലയത്തില്‍ പ്രവേശനം അനുവദിച്ചത്. അവരില്‍ സ്ത്രീ-പുരുഷ ജയില്‍ തടവുകാര്‍, നഴ്സുമാര്‍, വികലാംഗര്‍, അഭയാര്‍ഥികള്‍, കുടിയേറ്റ കുടുംബം, മിഷനറീസ് ഓഫ് മേഴ്സി പുരോഹിതന്മാര്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാരെ എങ്ങനെ പുനരുദ്ധരിച്ചുവെന്ന് ഓര്‍മിപ്പിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. അവന്‍ കരുണയോടെ അവരുടെ ആത്മാക്കളെ ഉയര്‍ത്തുകയും ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. ആ കരുണ ലഭിച്ചശേഷം അവരും കരുണയുള്ളവരായിത്തീര്‍ന്നു. സമാധാനം, ആത്മാവ്, തിരുമുറിവുകള്‍ എന്നീ മൂന്ന് ദാനങ്ങളിലൂടെയാണ് അവര്‍ അവനില്‍നിന്ന് കരുണയെ സ്വീകരിച്ചതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.