ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. 24 മണിക്കൂറിനിടെ 1,61,736 കേസുകളും 879 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുള്ള മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ അരലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,751 കേസും 258 മരണവുമാണ് ഇന്ന് മഹാരാഷ്ട്രയിലുണ്ടായത്. സംസ്ഥാനത്തെ ആകെ മരണം 58,245 എത്തി. ഡല്‍ഹിയില്‍ 11,493 കേസും 72 മരണവും യു പിയില്‍ 13604 കേസും 72 മരണവും ചത്തീസ്ഗഢില്‍ 13576 കേസും 132 മരണവും കര്‍ണാടകയില്‍ 9579 കേസും 52 മരണവും തമിഴ്‌നാട്ടില്‍ 6711 കേസും 52 മരണവും ഗുജറാത്തില്‍ 6021 കേസും 55 മരണവും ഇന്നലെയുണ്ടായി.
'ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ചതും വകഭേദം വന്ന വൈറസ് വേഗത്തില്‍ പടരുന്നതുമാണ് രാജ്യത്ത് വീണ്ടും രോഗവ്യാപനം കുതിക്കാന്‍ ഇടയാക്കിയതെന്ന്' എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ ആരോഗ്യമേഖലയ്ക്ക് താങ്ങാനാകാത്ത സ്ഥിതിയുണ്ടാകും.
താഴേത്തട്ടുമുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. ഫെബ്രുവരിയോടെ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ രോഗത്തെ ജനങ്ങള്‍ നിസാരമായി കാണാന്‍തുടങ്ങി. കടകളും പൊതുയിടങ്ങളും തിരക്കായതോടെ ഇവയെല്ലാം തീവ്രവ്യാപനത്തിനുള്ള കേന്ദ്രങ്ങളായി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ഇതുവരെ ആര്‍ജിച്ച നേട്ടം നഷ്ടമാകും. കൂടുതല്‍ ജനങ്ങള്‍ വാക്സിനെടുക്കാന്‍ തയ്യാറാകണമെന്നും ഗുലേരിയ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.