ഇന്തോ-പസഫിക് മേഖലയില്‍ യുദ്ധ സാധ്യത വര്‍ധിച്ചു: ഓസ്‌ട്രേലിയന്‍ മുന്‍ പ്രതിരോധ മന്ത്രി

ഇന്തോ-പസഫിക് മേഖലയില്‍ യുദ്ധ സാധ്യത വര്‍ധിച്ചു: ഓസ്‌ട്രേലിയന്‍ മുന്‍ പ്രതിരോധ മന്ത്രി

അഡ്ലെയ്ഡ്: ചൈന ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖലയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് യുദ്ധത്തിനുള്ള സാധ്യത വളരെയധികം വര്‍ധിച്ചതായി ലിബറല്‍ പാര്‍ട്ടി നേതാവും ഓസ്‌ട്രേലിയന്‍ മുന്‍ പ്രതിരോധ മന്ത്രിയുമായ ക്രിസ്റ്റഫര്‍ പൈന്‍. തായ് വാനായിരിക്കും യുദ്ധത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ നിയമ ബിരുദ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ക്രിസ്റ്റഫര്‍ പൈന്‍.

ചൈനയുടെ തന്ത്രപരമായ നിലപാടുകള്‍ അപകടകരമാണ്. ഇത് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും തലവേദനയുണ്ടാക്കുന്നുണ്ട്. 2018-ല്‍ താന്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്തേക്കാള്‍ ഇന്തോ-പസഫിക്കില്‍ യുദ്ധസാധ്യത ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.
ബീജിംഗിന്റെ സമീപകാല നടപടികളെ ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കുക, ഉയിഗര്‍ വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയൊക്കെ ചൈനീസ് സൈന്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തുന്ന ഭീഷണികളാണ്. ചൈനയുടെ ആത്മവിശ്വാസവും ശക്തിയും പ്രകടിപ്പിക്കാന്‍ അവര്‍ ഒരിക്കലും മടിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

അഞ്ച് വര്‍ഷം മുമ്പ്, യുദ്ധസാധ്യത ഇല്ലായിരുന്നുവെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ മാറി. സാധ്യത വര്‍ധിച്ചു-ക്രിസ്റ്റഫര്‍ പൈന്‍ പറഞ്ഞു. ഇതൊരു സൈബര്‍ യുദ്ധമായിരിക്കില്ല, മറിച്ച് ആക്രമിക്കുന്നവരുടെയും പ്രതിരോധിക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്ന, സൈനിക അടിത്തറകള്‍ ഇളകുന്ന യഥാര്‍ത്ഥ യുദ്ധം. ഇത് വെറുമൊരു വാചകകസര്‍ത്തായി കാണരുത്. അടുത്ത 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്കും എനിക്കും നേരിടേണ്ടിവന്നേക്കാവുന്ന പ്രതിസന്ധിയാണിത്.

സൈനിക ശക്തിയെന്ന നിലയില്‍ ചൈനയ്ക്ക് അതിവേഗമാണ് ഉയര്‍ച്ചയുണ്ടായത്. സൈനികശേഷി വര്‍ധിപ്പിക്കാന്‍ രാജ്യങ്ങള്‍ ചെലവഴിക്കുന്ന രണ്ട് ഡോളറില്‍ ഒരു ഡോളര്‍ അമേരിക്കയുടെ വിഹിതമായിരിക്കും. അതേസമയം, 2021 ല്‍ ചൈന പ്രസിദ്ധീകരിച്ച കണക്കു പ്രകാരം സ്വന്തം രാജ്യത്ത് പ്രതിരോധമേഖലയ്ക്കായി അവര്‍ ചെലവഴിച്ചത് 210 ബില്യണ്‍ യു.എസ് ഡോളറാണ്. ആശങ്കപ്പെടുത്തുന്നതാണിത്.

ഇന്തോ-പസഫിക് പ്രദേശങ്ങളെ ചൈനീസ് ആക്രമണത്തില്‍നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാസം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്തോ-പസഫിക് കമാന്‍ഡിലെ അഡ്മിറല്‍ ഫിലിപ്പ് എസ് ഡേവിഡ്സണ്‍ പറഞ്ഞിരുന്നു.

യുദ്ധഭീഷണിയുടെ സമ്മര്‍ദം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് തായ് വാനായിരിക്കും. തായ് വാനില്‍ സൈനിക സംഘര്‍ഷം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഓസ്ട്രേലിയയും അമേരിക്കയും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഈ മാസം ആദ്യം ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാലും, യുദ്ധം ഒഴിവാക്കുക എന്ന നയത്തിനാണ് രാഷ്ട്രമെന്ന നിലയില്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് പൈന്‍ പറഞ്ഞു. ചൈനയെ നിയന്ത്രിക്കുന്ന ഒരു നയം സ്വീകരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല; മറിച്ച്, ചൈനയുമായി ഇടപഴകുന്നതിനുള്ള നയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.