ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്കുകൂടി രക്തം കട്ട പിടിച്ചതായി ആരോഗ്യമന്ത്രി

ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്കുകൂടി രക്തം കട്ട പിടിച്ചതായി ആരോഗ്യമന്ത്രി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ച 40 വയസുള്ള സ്ത്രീക്ക് രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിനെടുത്ത് രണ്ടാഴ്ച്ചയ്ക്കുശേഷമാണ് രക്തം കട്ടപിടിച്ചതെന്ന് ആരോഗ്യമന്ത്രി റോജര്‍ കുക്ക് പറഞ്ഞു. സംഭവത്തിന് വാക്‌സിനേഷനുമായി നേരിട്ട് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വാക്‌സിനെടുത്തശേഷം രക്തം കട്ടപിടിക്കുന്ന ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ കേസാണിത്.

കഴിഞ്ഞ മാസം മെല്‍ബണില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ച 44 വയസുള്ള പുരുഷന് രക്തം കട്ടപിടിച്ചിരുന്നു. മാര്‍ച്ച് പകുതിയോടെയാണ് സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനെടുത്ത് രണ്ടാഴ്ചയ്ക്കു ശേഷം ഡബ്ല്യൂ.എ. റീജിയണല്‍ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തില്‍ അവരെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലേക്ക് മാറ്റി. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ചതായും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറഞ്ഞതായും കണ്ടെത്തി.

യൂറോപ്പില്‍ ആസ്ട്രസെനക്ക വാക്‌സിനെടുത്ത ചിലര്‍ക്ക് കണ്ടെത്തിയ അതേ പാര്‍ശ്വഫലങ്ങളാണ് ഈ കേസിലും കണ്ടെത്തിയിരിക്കുന്നത്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടി.ടി.എസ്.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഐ.സി.യുവില്‍ കഴിയുന്ന സ്്ത്രീയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നു ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ലക്ഷക്കണക്കിന് പേര്‍ക്ക് വാക്‌സിനെടുക്കുമ്പോള്‍ അതില്‍ ഒരാള്‍ക്കു മാത്രമാണ് പാര്‍ശ്വഫലം കാണുന്നതെന്നും ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇതുവരെ ഏഴു ലക്ഷത്തോളം ഡോസ് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.