രാജിവെച്ച മന്ത്രിയെവിടെ?..ഇതാ, ഇവിടെ തൃശൂരിലുണ്ട്

രാജിവെച്ച മന്ത്രിയെവിടെ?..ഇതാ, ഇവിടെ തൃശൂരിലുണ്ട്

കൊച്ചി: രാജിവെച്ച മന്ത്രിയെവിടെ? ഇന്നലെ മുതല്‍ മാധ്യമങ്ങളുടെ അന്വേഷണം ഇതാണ്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കാണിച്ച ഒളിച്ചുകളി രാജിവെച്ചശേഷവും കെ.ടി ജലീല്‍ തുടര്‍ന്നു.

രാജിക്കത്ത് നല്‍കിയ കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചശേഷം അദ്ദേഹം എങ്ങോട്ടുപോയെന്നത് ദുരൂഹമായി തുടരുകയായിരുന്നു. പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഇതിന് കൃത്യമായ മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്കും കിട്ടിയില്ല. എന്നാല്‍ അദ്ദേഹം തൃശൂരിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലുണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് തന്റെ ഗണ്‍മാന്റെ കൈവശമാണ് ജലീല്‍ രാജിക്കത്ത് കൊടുത്തു വിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കന്റോണ്‍മെന്റ് വളപ്പില്‍ ജലീലിന്റെ മന്ത്രി മന്ദിരത്തിനു മുന്നില്‍ ഔദ്യോഗിക വാഹനം ഉണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മന്ത്രി വിശ്രമത്തിലാണെന്നായിരുന്നു പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം സ്വകാര്യ കാറില്‍ പുറത്തേക്കുപോയെന്ന് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറഞ്ഞു.

രാജിവെക്കുന്ന മന്ത്രിമാര്‍ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയുണ്ട്. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ജലീല്‍ തലസ്ഥാനത്ത് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹം രാത്രിയോടെ സ്വദേശത്തേക്കു മടങ്ങാനാണു സാധ്യതയെന്ന് ഇന്നലെ പറഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.