ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങിമരിച്ച കെവിന്‍ കരിയാട്ടിക്ക് മലയാളി സമൂഹം കണ്ണീരോടെ യാത്രാമൊഴിയേകി

ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങിമരിച്ച കെവിന്‍ കരിയാട്ടിക്ക് മലയാളി സമൂഹം കണ്ണീരോടെ യാത്രാമൊഴിയേകി

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങി മുങ്ങിമരിച്ച പെര്‍ത്ത് ജൂണ്ടലപ് എഡിത് കൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥി കെവിന്‍ കരിയാട്ടിക്ക് (33) മലയാളി സമൂഹം യാത്രാമൊഴിയേകി. മൃതദേഹം ഈ ആഴ്ച്ച അവസാനം നാട്ടിലേക്കു കൊണ്ടുപോകും.

കഴിഞ്ഞ വെള്ളിയാഴ്ച്ച മാഡിങ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. പെര്‍ത്ത് സെന്റ്. ജോസഫ് സീറോ മലബാര്‍ പള്ളി വികാരി ഫാ. അനീഷ് ജെയിംസ് വി.സി. തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫാ. തോമസ് മാന്‍കുത്തേല്‍ വി.സി, ഫാ. സെബാസ്റ്റിയന്‍ വി.സി. എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിരവധി വിശ്വാസികളും യാക്കോബായ-ഓര്‍ത്തഡോക്‌സ് വൈദികരും ആദരാഞ്ജലി അര്‍പ്പിച്ചു.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ മാര്‍ച്ച് 23 ന് ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണ് കരയ്‌ക്കെത്തിച്ചത്. ഫിയോന സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യൂ.എ.ഇയില്‍ ആയിരുന്ന കെവിന്‍ കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജട്റ്റ് മാനേജ്മെന്റ് കോഴ്സിനായി എത്തിയത്.
ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ പള്ളി ഇടവകാംഗമാണ്. ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യന്‍-സില്‍വി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇരിങ്ങാലക്കുട സ്വദേശിനി അമൂല്യ ചിറയത്ത്. നാല് വയസുള്ള കെന്‍ മകനാണ്. ഡോ. പോള്‍ കരിയാട്ടി, ടീന എന്നിവര്‍ സഹോദരങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26