തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ പങ്കെടുക്കും.
മാസ് പരിശോധനയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നാളെയും മറ്റന്നാളും മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം.
രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കര്‍ഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി വിളിച്ച ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. സംസ്ഥാനത്ത് ബുധനാഴച 8778 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്.
മാസ് പരിശോധനയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കായിരിക്കും ഒന്നാമത്തെ പരിഗണന. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.
ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്‌സീന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്‌സിനേഷന്‍ വഴി ആര്‍ജിത പ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്‌സീന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതും, കമ്മ്യൂണിറ്റി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം ജില്ലാ ഭരണകൂടം കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കണ്ടൈന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന ഇളവുകളെല്ലാം പിന്‍വലിച്ചുവെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരെ ഒഴികെ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 23 വാര്‍ഡുകളും വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും പുതിയ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.